കാണ്‍പൂര്‍: ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളര്‍മാരില്‍ മൂന്നാമനായി ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍. മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെ പിന്തള്ളിയാണ് അശ്വിന്‍ മൂന്നാം സ്ഥാനത്തെത്തിയത്. നാലാം ദിവസം വില്‍ യങിനെ പുറത്താക്കിയതോടെ അശ്വിന്‍ 417 വിക്കറ്റുകളുമായി ഹര്‍ഭജന് ഒപ്പമായി. 103 ടെസ്റ്റുകളില്‍ നിന്നാണ് ഹര്‍ഭജന്‍ 417 വിക്കറ്റുകളെടുത്തത്. രണ്ടു വിക്കറ്റുകള്‍ കൂടിയെടുത്തതോടെ അശ്വിന്‍ മൂന്നാമത്തെത്തി. ഒന്നാം ഇന്നിങ്സില്‍ അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തിരുന്നു. അര്‍ധ സെഞ്ചുറിയുമായി ഇന്ത്യക്കു ഭീഷണിയുയര്‍ത്തിയ ടോം ലാതമിനെ ബൗള്‍ഡാക്കിയാണ് അശ്വിന്‍ ഭാജിയുടെ സ്ഥാനം തട്ടിയെടുത്തത്. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യക്കാരില്‍ അശ്വിന്റെ മുന്നില്‍ ഇനി രണ്ടു പേര്‍ മാത്രമാണ്. മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവാണ് തൊട്ടുമുകളില്‍. 434 വിക്കറ്റുകളുമായാണ് കപില്‍ രണ്ടാംസ്ഥാനത്ത്. 619 വിക്കറ്റുകളെടുത്ത മുന്‍ നായകനും ലെഗ് സ്പിന്നറുമായിരുന്ന അനില്‍ കുംബ്ലെയാണ് ഒന്നാം സ്ഥാനത്താണ്. കപിലിന്റെ റെക്കോഡ് അശ്വിന്‍ വൈകാതെ തന്നെ മറികടക്കും. കുംബ്ലെയുടെ റെക്കോഡ് എത്തിപ്പിടിക്കാന്‍ സാധ്യത കുറവാണ്. ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിലെ ആദ്യ പത്തില്‍ ഏറ്റവും മികച്ച ശരാശരിയുള്ളത് അശ്വിനാണ്. 24.53 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. 80 ടെസ്റ്റുകളിലാണ് അശ്വിന്‍ 418 വിക്കറ്റുകളെടുത്തത്. ഹര്‍ഭജന്‍ 417 വിക്കറ്റുകളെടുത്തത് 103 ടെസ്റ്റുകളിലാണ്. കൂടുതല്‍ വിക്കറ്റുകളെടുത്ത ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റെടുത്താല്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ അശ്വിനെക്കൂടാതെ നിലവില്‍ മല്‍സരരംഗത്തുള്ള രണ്ടു പേര്‍ കൂടിയുണ്ട്. വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ 311 വിക്കറ്റുകളുമായി ഹര്‍ഭജനു പിന്നില്‍ അഞ്ചാംസ്ഥാനത്താണ്. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ 228 വിക്കറ്റുകളോടെ പത്താംസ്ഥാനത്തുമുണ്ട്.