പുതിയ എക്സൈസ് ഡ്യൂട്ടി നിർദ്ദേശം: കേരള വിപണിയിൽ നിന്ന് ചെറിയ കമ്പനികളെ അകറ്റി നിർത്താനുളള തന്ത്രമെന്ന് ആക്ഷേപം.

തിരുവനന്തപുരം: മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി വിതരണ കമ്പനികൾ മുൻകൂർ വഹിക്കണമെന്ന ബെവ്കോ നിർദ്ദേശം വിവാദമാകുന്നു .കേരള വിപണിയിൽ നിന്ന് ചെറിയ കമ്പനികളെ അകറ്റി മദ്യവില്പന കുത്തകകൾ കൈയടക്കാനുള്ള തന്ത്രമാണെന്ന് ആക്ഷേപം ഉയർന്നു. എന്നാൽ വിതരണ കമ്പനികളുടെ യോഗത്തിലെ നിർദ്ദേശം മാത്രമാണിതെന്നും ഉത്തരവിറക്കിയിട്ടില്ലെന്നും ബെവ്കോ വിശദീകരിച്ചു.

എക്സൈസ് ഡ്യൂട്ടിയും ഇറക്കുമതി ഡ്യൂട്ടിയും ബെവ്കോ മുൻകൂട്ടി അടയ്‌ക്കുകയും മദ്യം കൊണ്ടുവരാനുള്ള പെർമിറ്റ് കമ്പനികൾക്ക് നൽകുകയും ചെയ്യുന്ന രീതിയാണ് കേരളത്തിൽ. 2022 ഏപ്രിൽ ഒന്നു മുതൽ ഈ രീതി മാറ്റാനാണ് ബെവ്കോ തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം ബെവ്കോ ആസ്ഥാനത്ത് വിളിച്ച കമ്പനികളുടെ യോഗത്തിൽ എം.ഡിയാണിത് സൂചിപ്പിച്ചത്. പുതിയ സാമ്പത്തിക വർഷം മുതൽ മദ്യം വിതരണം ചെയ്യുന്ന കമ്പനികൾ തന്നെ എക്സൈസ് ഡ്യൂട്ടിയും ഇറക്കുമതി ഡ്യൂട്ടിയും അടച്ച് പെർമിറ്റെടുക്കണം. മദ്യവില്പനയ്‌ക്കു ശേഷം ക്വട്ടേഷൻ തുകയ്ക്കൊപ്പം ഇത് മടക്കിനൽകും.

പുതിയ നയം ചെറുകിട കമ്പനികൾക്ക് വലിയ തിരിച്ചടിയുണ്ടാക്കും.ഉദാഹരണത്തിന് ഒരു കെയ്സ് ബ്രാന്റിക്ക് ആയിരം രൂപയോളം എക്സൈസ് ഡ്യൂട്ടി അടയ്ക്കണം.രണ്ടര ലക്ഷം കേയ്സ് വില്പനയുള്ള വില കുറഞ്ഞ ബ്രാൻഡുകളുടെ കമ്പനികൾ കോടികൾ മുൻകൂറായി അടക്കേണ്ടി വരും.ഇത് പിന്നീട് തിരിച്ചു കിട്ടുമെങ്കിലും ചെറുകിട കമ്പനികൾക്ക് ഇതിനുള്ള സാമ്പത്തിക സ്ഥിതിയുണ്ടാകില്ല.ബെവ്കോ വഴിയുള്ള മദ്യവില്പന കുത്തകകളുടെ നിയന്ത്രണത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണെന്ന ആക്ഷേപം ശക്തമാവുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →