ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്ഥലത്തെത്താൻ വൈകിയതായി ആരോപണം.

കൊല്ലം: ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മദ്യകുപ്പി നോക്കിയെടുത്ത് കൊടുക്കാതിരുന്നതിനാണ് മർദ്ദനമെന്ന് മർദ്ദനമേറ്റ വീട്ടമ്മപറഞ്ഞു. ഒടുവിൽ പ്രാണരക്ഷാർത്ഥം നഗരസഭാ കൗൺസിലറുടെ വീട്ടിൽ അഭയം തേടുകയായിരുന്നു അവർ. കൊട്ടാരക്കര പുലമണിൽ 2021 നവംബർ 27 രാത്രിയുണ്ടായ സംഭവത്തെ തുടർന്ന് പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.

പുലമൺ ഈയംകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന ഗീത എന്ന സ്ത്രീയാണ് ഭർത്താവിന്റെ മർദ്ദനത്തിന് ഇരയായത്. ബാങ്കുദ്യോഗസ്ഥനായ ഭർത്താവ് ബിജു നായർ കഴിഞ്ഞ അഞ്ച് വർഷമായി സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് ഗീത പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. മദ്യക്കുപ്പി നോക്കിയെടുത്ത് നൽകാഞ്ഞതിനായിരുന്നു കഴിഞ്ഞ രാത്രിയിലെ മർദ്ദനമെന്ന് ഗീത പറഞ്ഞു. തലഭിത്തിയിൽ പിടിച്ച് ഇടിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു. വെട്ടൂകത്തിയെടുത്ത് വെട്ടാൻ ശ്രമിച്ചപ്പോൾ വീടിന്റെ പിൻവാതിൽ തുറന്ന് ഓടി രക്ഷപെടുകയായിരുന്നു. രാത്രിയിൽ ഓടി നഗരസഭാ കൗൺസിലറായ പവിജാ പത്മന്റെ വീട്ടിൽ അഭയം തേടി.

എന്നാൽ, സംഭവമറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്ന് ആരോപണമുയർന്നു. പൊലീസെത്തിയിട്ടും മർദ്ദനമേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ തയ്യറാകാഞ്ഞതിനെ തുടർന്ന് നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭർത്താവ് ബിജു എസ് നായർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്

Share
അഭിപ്രായം എഴുതാം