അയ്യായിരത്തോളം അദ്ധ്യാപകര്‍ വാക്‌സിനെടുത്തിട്ടില്ലെന്ന്‌ മന്ത്രി വി.ശവന്‍കുട്ടി: വകുപ്പുതല നടപടി ആലോചനയില്‍.

തിരുവനന്തപുരം: അയ്യായിരത്തോളം അദ്ധ്യാപകര്‍ വാക്‌സിനെടുത്തിട്ടില്ലെന്ന്‌ വെളിപ്പെടുത്തി മന്ത്രി വി.ശവന്‍കുട്ടി.കോവിഡ്‌ വാക്‌സിനെടുക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ നീക്കം തുടങ്ങി. ചില അദ്ധ്യാപകര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പറയുന്നുണ്ടെങ്കിലും കൂടുതല്‍ പേരും യാതൊരു കാരണവുമില്ലാതെയാണ്‌ വാക്‌സിനെടുക്കാത്തതെന്നാണ്‌ വിലയിരുത്തല്‍. ദുരന്ത നിവാരണ വകുപ്പുമായി ആലോചിച്ച്‌ വകുപ്പുതല നടപടി ആലോചനയിലാണ്‌. വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നവര്‍ക്കെതിരെ പകര്‍ച്ച വ്യാധി പ്രതിരോധ നിയമപ്രകാരം നടപടി എടുക്കാനുളള സാധ്യതയാണ്‌ ആരായുന്നത്‌.

2021 നവംബര്‍ ഒന്നിന്‌ സ്‌കൂള്‍ തുറക്കുന്നതിന്‌ മുമ്പായി നടത്തിയ വിവരശേഖരണത്തില്‍ 2282 അദ്ധ്യാപകരും 327 അനദ്ധ്യാപകരും വാക്‌സിന്‍ എടുത്തിട്ടില്ലെന്ന്‌ കണ്ടെത്തിയിരുന്നു. പിന്നീട്‌ പുറത്തുവന്ന കണക്കുകള്‍ പ്രകാരം അയ്യായിരത്തോളം പേരുണ്ടെന്നാണ്‌ സൂചന. സ്‌കൂള്‍ പ്രവര്‍ത്തന സമയം ഡിസംബര്‍ രണ്ടാംവാരം മുതല്‍വൈകുന്നേരം വരെയാക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ്‌ വാക്‌സിന്‍ സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടിക്ക്‌ നീക്കം തുടങ്ങിയത്‌.

വിദ്യാര്‍ത്ഥികളുമായി ആഴ്‌ചയില്‍ ആറുദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന അദ്ധ്യാപകര്‍ ബോധപൂര്‍വം വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നത്‌ സര്‍ക്കാരിന്റെ കോവിഡ്‌ പ്രതിരോധത്തെ തുരങ്കം വയ്‌ക്കുന്നതാണെന്ന്‌ വിലയിരുത്തലുണ്ട്‌.ചില അദ്ധ്യാപകര്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരകരാകുന്നെന്ന പരാതിയും വിദ്യാഭ്യാസ വകുപ്പിന്‌ ലഭിച്ചിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →