ലോകകപ്പിലെ വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളുടെയും മുകളിലൂടെ പറന്ന് ഖത്തര്‍ എയര്‍വേസ്

ദോഹ: അടുത്ത വര്‍ഷം നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കു മുന്നൊരുക്കവുമായി ഖത്തര്‍ എയര്‍വേസ്. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ എയര്‍വേസിന്റെ ജെറ്റ് വിമാനം ലോകകപ്പിനു വേദിയാകുന്ന എട്ട് സ്റ്റേഡിയങ്ങളുടെയും മുകളിലൂടെ പറന്നു. ക്യു.ആര്‍. 2022 എന്ന ബോയിങ് 777-3ഡിസെര്‍ വിമാനമാണു ദോഹയില്‍നിന്നു പറന്നുയര്‍ന്നത്.ലോകകപ്പ് കിരീടവും ബ്രസീലിന്റെ ലോകകപ്പ് ജേതാവ് കഫുവും വിമാനത്തിലുണ്ടായിരുന്നു. സ്റ്റേഡിയങ്ങളുടെ മുകളിലൂടെ ആകെ 79 മിനിറ്റ് പറന്ന ശേഷം വിമാനം ദോഹ വിമാനത്താവളത്തില്‍ തിരിച്ചെത്തി. ഫിഫയുടെ ഔദ്യോഗിക എയര്‍ ലൈനാണു ഖത്തര്‍ എയര്‍വേസ്. ഖത്തറിലെ ലോകകപ്പ് കാണാന്‍ ഒന്നരക്കോടി ഫുട്ബോള്‍ ഭ്രാന്തന്‍മാരെങ്കിലും എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. യാത്രക്കാര്‍ക്കായി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അലി ബേകര്‍ പറഞ്ഞു. ഏറെ നാളായി അടച്ചിട്ടിരിക്കുന്ന ദോഹ രാജ്യന്തര വിമാനത്താവളം ലോകകപ്പ് പ്രമാണിച്ച് തുറക്കും. 2014 ല്‍ ഹമാദ് വിമാനത്താവളം പ്രവര്‍ത്തന ക്ഷമമായതോടെയാണു ദോഹയെ ഒഴിവാക്കിയത്.സ്വകാര്യ ജറ്റുകള്‍ക്കും മറ്റുമാണ് ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക. അല്‍ ബായ്ത് സ്റ്റേഡിയം, അല്‍ തുമാമാ സ്റ്റേഡിയം, അഹമ്മദ് ബിന്‍ അലി, സ്റ്റേഡിയം 974, എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം, അല്‍ ജാനൂബ് സ്റ്റേഡിയം എന്നിവിടങ്ങളിലാണു ലോകകപ്പ് മത്സരങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →