ഭൂമി തരംമാറ്റത്തിന് ഫെബ്രുവരി 25ന് മുൻപുള്ള അപേക്ഷകൾക്കും ഫീസ് ഒഴിവാക്കി റവന്യു വകുപ്പ് ഉത്തരവിറക്കും

തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിനു ഫീസ് ഒഴിവാക്കിയ ഹൈക്കോടതി വിധി അനുസരിച്ച് പുതിയ ഉത്തരവ് ഉടൻ ഇറക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ . ഭൂമി തരംമാറ്റം വേഗത്തിലാക്കാനും മാർഗനിർദേശം പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റ ഫീസിന് അപേക്ഷ തീയതി മാനദണ്ഡമാക്കിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.

കെട്ടിക്കിടക്കുന്ന തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ തിരുവനന്തപുരത്തു വിളിച്ച യോഗത്തിൽ ആർഡിഒമാർക്ക് കഴിഞ്ഞ ദിവസം നിർദേശം കൊടുത്തിരുന്നു. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫെബ്രുവരി 25ന് മുൻപുള്ള അപേക്ഷകൾക്കും ഫീസ് ഒഴിവാക്കി റവന്യു വകുപ്പ് വൈകാതെ ഉത്തരവിറക്കും. വിധി നടപ്പാക്കു ന്നതിൽ സർക്കാരിലെ അനിശ്ചിതത്വം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതതോടെയാണ് അപ്പീൽ പോകേണ്ടെന്നു സർക്കാർ തീരുമാനമെടുത്തത്.

ഡേറ്റ ബാങ്കിൽ പെടാത്ത 25 സെന്‍റ് വരെ തരംമാറ്റുന്നതിന് ഫീസ് ഒഴിവാക്കി ഫെബ്രുവരി 25നാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ 25ന് മുൻപ് അപേക്ഷിച്ചവർ ഭൂമി വിലയുടെ 10 ശതമാനം നൽകണമെന്നും ഫീസ് ഇളവിന് മുൻകാല പ്രാബല്യം ഇല്ല എന്നുമായിരുന്നു സർക്കാർ ഉത്തരവ്. എന്നാൽ ഫീസ് സൗജന്യം നൽകുന്നതിൽ തീയതി അടിസ്ഥാനമാക്കി വേർതിരിവ് പാടില്ലെന്നു നിരീക്ഷിച്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. അപ്പീൽ പോകണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനമെടുക്കാതിരുന്നത് 91000 അപേക്ഷകളെയാണ് ബാധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →