കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സ്വപ്ന സുരേഷ് കോടതിയില്‍. തിരുവനന്തപുരം സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡി കേസില്‍ ജാമ്യം ലഭിച്ചപ്പോള്‍ എറണാകുളം വിട്ട് പുറത്ത് പോകരുത് എന്ന് വ്യവസ്ഥയുണ്ടായിരുന്നു.
വീട് തിരുവനന്തപുരത്തായതിനാല്‍ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന എറണാകുളം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. എര്‍ണാകുളം വിട്ട് പോകുന്നതില്‍ എതിര്‍പ്പില്ലെന്നും കേരളം വിട്ട് പോകാതിരുന്നാല്‍ മതിയെന്നും ഇ.ഡി കോടതിയെ അറിയിച്ചു. തുടര്‍ന്ന് സ്വപ്നയുടെ ഹരജിയില്‍ വിധി പറയാനായി വരുന്ന 22 ലേക്ക് കോടതി മാറ്റി.
കഴിഞ്ഞ നവംബര്‍ 6 നാണ് സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന ജയില്‍ മോചിതയായത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന സ്വപ്ന മാധ്യമങ്ങളെ കാണുമെന്ന് അമ്മ പ്രതികരിച്ചെങ്കിലും ഇതുവരെ മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കിയിട്ടില്ല.

