ന്യൂഡല്‍ഹി: രാജ്യത്തെ വന്‍കിട ഫിന്‍ടെക് സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ വായ്പ ആപ്പുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയും ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന പുതിയ സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ആര്‍.ബി.ഐയുടെ നീക്കം.
മേഖലയില്‍ സുതാര്യത കൊണ്ടുവരാനും ഉപഭോക്തൃസംരക്ഷണം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നിലവിലുള്ള 1,100 ലെന്‍ഡിങ് ആപ്പുകളില്‍ 600 എണ്ണത്തിന്റെയും പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നാണ് സമിതി കണ്ടെത്തിയത്.
ആര്‍ബിഐ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജയന്ത് കുമാര്‍ ചെയര്‍മാനായി 2021 ജനുവരി 13നാണ് ഡിജിറ്റല്‍ ലെന്‍ഡിങ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് പഠിക്കാന്‍ വര്‍ക്കിങ് ഗ്രൂപ്പിനെ ആര്‍ബിഐ നിയോഗിച്ചത്.

