തീർത്ഥാടനം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് ശബരിമലയിൽ വെർച്വൽ ക്യൂ ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് സർക്കാർ

പത്തനംതിട്ട: ശബരിമലയിൽ വെർച്വൽ ക്യൂ നിയന്ത്രിക്കുക വഴി സർക്കാർ ദേവസ്വം ബോർഡിന്റെ അധികാരത്തിൽ കൈ കടത്തുകയാണെന്ന് ആക്ഷേപം .ഇത് ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെ വെർച്വൽ ക്യൂ ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ കോടതിയും നിരീക്ഷിച്ചിരുന്നു.

എന്നാൽ തീർത്ഥാടനം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് വെർച്വൽ ക്യൂ ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് സർക്കാർ നിലപാട്. നിലവിലെ സാഹചര്യത്തിൽ വെർച്വൽ ക്യൂ സംവിധാനം ഒഴിവാക്കാൻ കഴിയില്ലെന്നും സർക്കാർ ചൂണ്ടിക്കട്ടിയിട്ടുണ്ട്. കൂടുതൽ ആളുകൾക്ക് ദർശന സൗകര്യം ഒരുക്കാൻ സ്‌പോർട് ബുക്കിങ് സംവിധാനം ഉണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്..

അതേസമയം ശബരിമലയിൽ ആദ്യ ദിവസത്തേക്കാൾ കൂടുതൽ ഭക്തരാണ് ഇപ്പോൾ ദർശനത്തിനെത്തിയത്. മഴ കടുത്തതോടെ എർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിട്ടില്ല. കാലാവസ്ഥ അനുകൂലമാവുകയും കൊവിഡ് കേസുകൾ ഉയരുകയും ചെയ്യാതിരുന്നാൽ പ്രതിദിനം അൻപതിനായിരം ആളുകളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാരും ദേവസ്വവും.

ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം വർധിപ്പിക്കണമെന്ന ദേവസ്വം നിലപാടിനൊപ്പം തന്നെയാണ് സർക്കാരും. നിലവിൽ ബുക്ക് ചെയ്ത എത്ര പേർ ദർശനത്തിനെത്തുന്നു എന്നത് കൂടി കണക്കിലെടുത്ത് 2021ഡിസംബർ ഒന്ന് മുതൽ തീർത്ഥാടകരുടെ എണ്ണം കൂട്ടാനാണ് സാധ്യത. ഭക്തരുടെ എണ്ണം കൂട്ടിയാൽ നീലിമല പാത കൂടി തുറന്ന് നൽകിയേക്കും. നിലയ്ക്കലിലെ അസൗകര്യങ്ങൾ പരിഹരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നേരത്തെ അറിയിച്ചിരുന്നു. കുടുതൽ ശുചിമുറികൾ ഏർപ്പെടുത്തും. കുടിവെള്ളപ്രശ്നത്തിന് പരിഹാരമായി. നിലയ്ക്കലിൽ സൗജന്യ ഭക്ഷണ വിതരണം തുടങ്ങി. രണ്ട് ദിവസത്തിനകം കടകൾ തുറക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.


ശബരിമലയിൽ കുടിവെള്ളത്തിന് 40 ലക്ഷം ലിറ്റർ വെള്ളം നിലയ്ക്കലിലൊരുക്കിയിട്ടുണ്ടെന്ന് ദേവസ്വംമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ശുചിമുറകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഉടൻ പരിഹാരമാകുമെന്നും മന്ത്രി ഉറപ്പുനൽകിയിരുന്നു.അപ്രതീക്ഷിതമായ മഴയും വെള്ളപ്പൊക്കവുണ് ഒരുക്കങ്ങൾ വൈകാൻ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. വാടകയ്ക്ക് എടുക്കാൻ ആളുകൾ തയ്യാറാകാത്തതിനാലാണ് ഹോട്ടലുകൾ തുടങ്ങാൻ കഴിയാത്തതെന്നും ഇതിനും രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്നും ദേവസ്വം മന്ത്രി ഉറപ്പ് പറഞ്ഞിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →