ചൂഷണത്തിന് നിന്ന് കൊടുക്കില്ലെന്ന് പി ജി ഡോക്ടർമാർ

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയുമായി സഹകരിക്കില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയതായി പ്രവർത്തനം തുടങ്ങുന്ന എമർജൻസി ഡിപ്പാർട്ട്മെന്റിലെ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്നും പിജി ഡോക്ടർമാർ. ശബരിമല ഡ്യൂട്ടിക്ക് സാധാരണ ഗതിയിൽ ആരോഗ്യവകുപ്പിലെ ഡോക്ടർമാരെയാണ് നിയോഗിക്കുന്നത്. എന്നാൽ ശബളപരിഷ്കരണത്തിലെ അപാകതകളുന്നയിച്ച ആരോഗ്യവകുപ്പിലെ ഡോക്ടർമാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി അവർക്ക് അമിതഭാരം നൽകാതെയാണ് പിജി ഡോക്ടർമാരെ കൂടി ഇക്കുറി നിയമിക്കുന്നത്.

നിലവിലെ തീരുമാനം തങ്ങളെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നതാണെന്നാണ് പിജി ഡോക്ടർമാരുടെ വിമർശനം.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയതായി പ്രവർത്തനം തുടങ്ങുന്ന എമർജൻസി ഡിപ്പാർട്ട്മെന്റിലെ ഡ്യൂട്ടിയുമായും സഹകരിക്കണ്ടെന്നാണ് പിജി ഡോക്ടർമാരുടെ തീരുമാനം. ആളില്ലെങ്കിൽ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണം. ചൂഷണത്തിന് നിന്ന് കൊടുക്കില്ല. കണ്ണിൽ പൊടിയിടാൻ ശ്രമിക്കരുതെന്നും പിജി ഡോക്ടർമാരുടെ അസോസിയേഷൻ പറഞ്ഞു.

അതേസമയം നിലവിൽ അത്യാഹിത വിഭാഗം കൈകാര്യം ചെയ്യുന്നത് പി ജി ഡോക്ടർമാരാണെന്നും പുതിയതായി ഏർപ്പെടുത്തുന്ന ഡ്യൂട്ടിയല്ല എമർജൻസി ഡിപ്പാർട്ട്മെന്റിലേതെന്നുമാണ് ആശുപത്രി അധികൃതരുടെ നിലപാട്. രണ്ടുമാസ കണക്കിലായിരിക്കും എമർജൻസി ഡിപ്പാർട്ട്മെന്റിൽ പിജി ഡോക്ടർമാരെ ഡ്യൂട്ടിക്കിടുക. ഇത് പിജി ഡോക്ടർമാർക്ക് പരിശീലനം കൂടിയാകുമെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആശുപത്രി സൂപ്രണ്ട് ഡോ.എ നിസാറുദീൻ പ്രതികരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →