മണ്ണെണ്ണവില കൂട്ടിയതോടെ മത്സ്യ തൊഴിലാളികള്‍ ദുരിതത്തില്‍

തിരുവനന്തപുരം : ഡീസലിന്‌ പുറമേ മണ്ണെണ്ണവിലയും കൂട്ടിയതോടെ മത്സ്യ തൊഴിലാളികള്‍ ദുരിതത്തിലായി .47 രൂപയായിരുന്ന മണ്ണെണ്ണയുടെ വില എട്ടുരൂപ കൂട്ടി 55 രൂപയാക്കി. ഒരുമാസം 100 ലിറ്ററാണ്‌ സിവില്‍ സപ്ലൈസ്‌ ഒരു ബോട്ടിന്‌ നല്‍കുന്നത്‌. 300 ലിറ്റര്‍ വരെ നേരത്തെ കിട്ടിയിരുന്നു. മത്സ്യഫെഡ്‌ സബ്‌സിഡി കഴിച്ച്‌ 78 രൂപക്ക്‌ 125 ലിറ്റര്‍ നല്‍കുമെങ്കിലും കൂടുതലായി വാങ്ങുന്നതിന്‌ 103 രൂപ കൊടുക്കണം. രണ്ടുംകൂടി ആയാലും ആവശ്യത്തിന്‌ തികയില്ല.

ബോട്ടുകള്‍ക്ക്‌ ഒരുതവണ പോയിവരാന്‍ 40-50 ലിറ്റര്‍ മണ്ണെണ്ണ വേണം. പത്തുതവണയെങ്കിലും ഒരുമാസം പോകേണ്ടിവരും. അതിന്‌ 500 ലിറ്ററോളം മണ്ണെണ്ണ വേണ്ടിവരും ബാക്കി കരിഞ്ചന്തയില്‍ വാങ്ങണം. ആഴക്കടലില്‍ പോകുന്ന ബോട്ടുകള്‍ക്കാണ്‌ ഡീസലിന്റെ ആവശ്യം. അതിന്‌ സബ്‌സിഡി ഇല്ല. അടിക്കടി കൂടുന്ന വിലക്ക്‌ വാങ്ങണം. പക്ഷെ ആവശ്യത്തിന്‌ മീന്‍ കിട്ടാറില്ല. കിട്ടുന്ന മീന്‍ വിറ്റാല്‍ കാര്യമായ ലാഭവും ഇല്ല.

മാസം 3000 ലിറ്റര്‍ മണ്ണെണ്ണ കിട്ടണമെന്നാണ്‌ തൊഴിലാളികളുടെ ആവശ്യം. നാലുലക്ഷം മത്സ്യ തൊഴിലാളികളാണുളളത്‌. അതില്‍ 80 ശതമാനവും മണ്ണെണ്ണയാണ്‌ ഉപോഗിക്കുന്നത്‌. മണ്ണെണ്ണ ബോട്ടുകള്‍ ഒരുതവണ പോയിവരാന്‍ 30,000 മുതല്‍ 50,000രൂപവരെ ചെലവ്‌ വരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →