അസോസിയേറ്റ് പ്രൊഫസർ തസ്തിക തരംതാഴ്ത്തിയ നടപടി പിൻവലിക്കണമെന്ന് മെഡിക്കൽ കോളജ് അധ്യാപക സംഘടന കെ ജി എം സി ടി എ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയാക്കി തരംതാഴ്ത്തി. ഇതോടെ സർക്കാർ മെഡിക്കൽ കോളജുകളിലെ അസോസിയേറ്റ് പ്രഫസർ തസ്തിക ഇല്ലാതാകുകയാണ്. താൽകാലികമായാണ് ഈ നടപടിയെന്ന് ആരോ​ഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.

ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, റേഡിയോ ഡയ​ഗ്നോസിസ്, മെഡിക്കൽ ​ഗ്യാസ്ട്രോ എൻട്രോളജി, പീഡിയാട്രിക് സർജറി, ജനറൽ സർജറി വിഭാ​ഗങ്ങളിലെ 31 അസോസിയേറ്റ് പ്രൊഫസർ തസ്തികകളെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയാക്കി തരംതാഴ്ത്തി ഉത്തരവിറങ്ങി. ജനറൽ സർജറി വിഭാ​ഗത്തിലെ 15 ഡോക്ടർമാരെയാണ് തസ്തികയിൽ തരംതാഴ്ത്തിയത്. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, റേഡിയോ
ഡയ​ഗ്നോസിസ് വിഭാ​ഗങ്ങളിലെ ആറ് വീതം ഡോക്ടർമാർക്ക് അസോസിയേറ്റ് പ്രൊഫസർ സ്ഥാനം നഷ്ടമായി. മെഡിക്കൽ ​ഗ്യാസ്ട്രോ എൻട്രോളജിയിലെ മൂന്ന് ഡോക്ടർമാർക്കും പീഡിയാട്രിക് സർജറിയിലെ ഒരു ഡോക്ടർക്കും തസ്തിക ഡൗൺ​ഗ്രേഡ് ചെയ്തു. അനസ്തേഷ്യ,ന്യൂറോളജി വിഭാ​ഗങ്ങളിലെ തസ്തിക നേരത്തെ തരംതാഴ്ത്തിയിരുന്നു.

സീനിയോറിറ്റി നിർണയിക്കുന്നതിലടക്കം കേസുകൾ ഉള്ളതിനാൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രമോഷൻ നടപടികൾ തടസപ്പെട്ടിരിക്കുകയാണെന്നും ഇതൊഴിവാക്കാനാണ് തരംതാഴ്ത്തൽ എന്നാണ് സർക്കാർ വിശദീകരിക്കുന്നത്. മാത്രവുമല്ല പ്രമോഷൻ വൈകുന്നതിനാൽ എൻട്രികേഡറായ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയനമം നടക്കുന്നില്ലെന്നും സർക്കാർ പറയുന്നു.

തരംതാഴ്ത്തിയ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവുകൾ ഉടൻ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാനുള്ള നിർദേശവും സർക്കാർ നൽകി. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നടത്താനുള്ള നിയമ തടസം ഒഴിവാകുന്ന മുറയ്ക്ക് തസ്തിക വീണ്ടും ഉയർത്തുമെന്നാണ് സർക്കാർ പറയുന്നത്

എന്നാൽ കാര്യങ്ങൾ അത്ര പന്തിയല്ല. നിലവിൽ തന്നെ 23 വർഷമായിട്ടും അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിന്ന് പ്രമോഷൻ ലഭിക്കാത്ത ഡോക്ടർമാരുണ്ട് . ഇവർക്ക് ഇതേ തസ്തികയിലിരുന്ന് വിരമിക്കേണ്ട അവസ്ഥയും വരും . സ്ഥാനക്കയറ്റത്തോടൊപ്പം സ്ഥലംമാറ്റം ഉണ്ടായാലും അത് അം​ഗീകരിക്കാൻ തയാറാണെന്ന് ഇവർ പറയുന്നു. വർഷങ്ങളുടെ സർവീസ് ഉള്ളവരെയാണിപ്പോൾ തരംതാഴ്ത്തിയിരിക്കുന്നത്.സർക്കാരിന്റെ ഈ നടപടി ഭാവിയിൽ മെഡിക്കൽ കോളജുകളുെടെ അം​ഗീകാരത്തെ വരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

പി ജി യോ​ഗ്യതയുമായി സർവീസിൽ കയറിയവരും സർവീസീലിരുന്ന് പി ജി എടുത്തവരും തമ്മിലുള്ള സീനിയോരിറ്റി തർക്കമാണ് കോടതി വ്യവ‌ഹാരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ ഇത് ചില വിഭാ​ഗങ്ങളിൽ മാത്രമാണെന്നും ഇതിന്റെ പേരിൽ എല്ലാ വിഭാ​ഗങ്ങളിലേയും പ്രമോഷൻ തടഞ്ഞുവച്ചിരിക്കുകയാണെന്നുമാണ് അധ്യാപക സംഘടനകളുടെ നിലപാട്.

തസ്തിക തരംതാഴ്ത്തിയ നടപടി പിൻവലിക്കണമെന്ന് മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കെ ജി എം സി ടി എ ആവശ്യപ്പെടുന്നു. പിൻവലിക്കാത്ത പക്ഷം സമരത്തിലേക്ക് നീങ്ങുമെന്നാണ് നിലപാട്. നിലവിൽ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിലാണ് ഡോക്ടർമാർ

Share
അഭിപ്രായം എഴുതാം