പ്രളയഫണ്ട് തട്ടിപ്പില്‍ അന്വേഷണം വേണം; വയനാട്ടില്‍ ലീഗ് നേതൃത്വത്തിനെതിരെ പോസ്റ്റര്‍

കല്‍പ്പറ്റ: വയനാട്ടില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍. സേവ് മുസ്‌ലിം ലീഗ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

പ്രളയഫണ്ട് തട്ടിപ്പില്‍ അന്വേഷണം വേണമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ടിന്റെ കണക്കുകള്‍ പുറത്ത് വിടണമെന്നും പോസ്റ്ററിലുണ്ട്.

വയനാട് ജില്ലാ ലീഗ് ഭരിക്കുന്നത് കെ.എം. ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയ സംഘമാണെന്നും ആരോപണമുണ്ട്.

കല്‍പ്പറ്റ പ്രസ് ക്ലബിന് സമീപത്തുള്ള മതിലിലും പൊഴുതന, വെങ്ങപ്പള്ളി പഞ്ചായാത്തുകളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

പ്രളയഫണ്ടില്‍ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് പാണക്കാട് തങ്ങള്‍ക്ക് കത്തയച്ച ജില്ലാ നേതാവ് സി. മമ്മിയെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു.

പ്രളയദുരിതാശ്വാസ ഫണ്ടില്‍ ലീഗ് വയനാട് ജില്ലാ കമ്മിറ്റി തട്ടിപ്പ് നടത്തിയെന്നായിരുന്നു ജില്ലാ പ്രവര്‍ത്തക സമിതി അംഗമായ സി. മമ്മി പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞത്.

കെ.എം.സി.സി വഴി പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി സമാഹരിച്ച തുക വിതരണം ചെയ്തതില്‍ വ്യാപക ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. യത്തീംഖാനയുടെ മറവില്‍ ഇത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങളിലും അഡ്മിഷന്‍ പ്രക്രിയയിലും അഴിമതി നടന്നതായും പറഞ്ഞിരുന്നു.

റമദാന്‍ മാസത്തില്‍ വയനാട് ജില്ലയിലെ സമസ്തയുടെ കീഴിലുള്ള മുഴുവന്‍ മഹല്ലുകള്‍ക്കും യത്തീംഖാന വഴി വിതരണം ചെയ്യുന്ന സക്കാത്ത് പണത്തിലും തിരിമറി നടന്നതായി മമ്മി ആരോപിച്ചിരുന്നു.

പൊഴുതന പഞ്ചായത്ത് ലീഗ് നേതൃത്വവും ജില്ലാ നേത്യത്വവും വലിയ രീതിയിലുള്ള കൊള്ളയാണ് നടത്തുന്നതെന്നും ഇത് പഞ്ചായത്തിലെ ലീഗില്‍ വലിയ വിഭാഗീയതയും ഭിന്നതയും സൃഷ്ടിച്ചിട്ടുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു.

2018, 2019 വര്‍ഷങ്ങളിലെ പ്രളയങ്ങളില്‍ വലിയ രീതിയില്‍ നാശനഷ്ടമുണ്ടായ പ്രദേശമാണ് പൊഴുതന പഞ്ചായത്ത്. ദുരന്തബാധിതരെ സഹായിക്കാന്‍ കെ.എം.എം.സി വഴി സമാഹരിച്ച ഫണ്ടിന്റെ ചെറിയൊരു ശതമാനം മാത്രമാണ് ദുരിതബാധിതര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുള്ളത്.

ബാക്കി തുക നേതൃത്വത്തിലെ ചില ആളുകള്‍ തട്ടിയെടുത്തു. പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ലീഗില്‍ വലിയ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നെന്നും കത്തില്‍ പറയുന്നുണ്ട്.

തോട്ടം തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പൊഴുതന ഗ്രാമപഞ്ചായത്ത് അംഗവുമാണ് സി. മമ്മി.

കത്വ, ഉന്നാവ് സംഭവങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നു എന്നും മുന്‍പ് ആരോപണമുയര്‍ന്നിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സി.കെ സുബൈര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം.

കത്വ സംഭവത്തില്‍ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ യൂത്ത് ലീഗ് സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചു എന്നും 15 ലക്ഷത്തോളം രൂപ വകമാറ്റിയെന്നുമായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →