കോട്ടയം : എംജി സര്‍വകലാശാലയില്‍ ജാതി വിവേചനം ആരോപിച്ച് സമരം ചെയ്യുന്ന ഗവേഷണ വിദ്യാര്‍ത്ഥിയുടെ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇരുഭാഗത്തുനിന്നും വിട്ടുവീഴ്‌ചകള്‍ ഉണ്ടാകണമെന്നും ഇക്കാര്യത്തില്‍ സര്‍വകലാശാല അനുഭാവപൂര്‍ണമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകലാശാലകള്‍ കുടുംബാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കേണ്ടതാണെന്ന് ഗവണര്‍ പറഞ്ഞു.
അതേസമയം തന്റെ വിഷയത്തില്‍ ഗവര്‍ണര്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം തന്നെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും ഗവേഷക വിദ്യാര്‍ത്ഥിനി ദീപാ മോഹനനും പ്രതികരിച്ചു. കോട്ടയത്തുവന്നിട്ടും ഗവര്‍ണര്‍ സമര പന്തലില്‍ വരാതിരുന്നത് ഖേദകരമാണെന്നും ഗവര്‍ണര്‍ തന്റെ പരാതി മനസിലാക്കണമെന്നും ദീപ പറഞ്ഞു.
വകുപ്പുമേധാവി നന്ദുമാര്‍ കളരിക്കലിനെ ഗവര്‍ണര്‍ വിശ്വസിച്ചിരിക്കുകയാണെന്നും താന്‍ നല്‍കിയ പരാതി അട്ടിമറിക്കാന്‍ സിപിഎം ശ്രമിച്ചതായും വിദ്യാര്‍ത്ഥിനി കുറ്റപ്പെടുത്തി. വിഷയം ഉന്നത വിദ്യാഭ്യാസ മന്ത്രി പഠിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.