മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്പെഷ്യല്‍ കോടതിയുടേതാണ് ഉത്തരവ്. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒമ്പത് ദിവസത്തെ കൂടി കസ്റ്റഡി കാലാവധി ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് അനില്‍ ദേശ്മുഖിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്നിനാണ് അനില്‍ ദേശ്മുഖിനെ ഇഡി അറസ്റ്റു ചെയ്യുന്നത്. ചൊവ്വാഴ്ച ദേശ്മുഖിനെ നവംബര്‍ ആറ് വരെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇഡി കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് ദേശ്മുഖിനെ കോടതിയില്‍ ഹാജരാക്കിയത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതായി മുംബൈ പൊലീസ് കമ്മിഷണര്‍ പരം ബീര്‍ സിങ് ഉന്നയിച്ച ആരോപണത്തെ തുടര്‍ന്നാണ് അനില്‍ ദേശ്മുഖ് അറസ്റ്റിലാകുന്നത്.
കള്ളപ്പണം: അനില്‍ ദേശ്മുഖ് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
