ന്യൂഡല്‍ഹി: മധ്യസ്ഥത നിയമ ബില്ലിന്റെ കരട് കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി. ബില്‍ പ്രകാരം മത-സാമുദായിക തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ കോടതി കയറുന്നത് ഒഴിവാക്കാം. ഇത്് നിയമം ആയാല്‍ സാമുദായിക തര്‍ക്കങ്ങള്‍ക്കും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടക്കമുള്ള യ്ക്കും ഒത്തുതീര്‍പ്പിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കും. ഇരുവിഭാഗങ്ങള്‍ തമ്മിലോ കുടുംബങ്ങള്‍ തമ്മിലോ ഉണ്ടാകുന്ന തര്‍ക്കങ്ങളില്‍ സംസ്ഥാന, ജില്ല, താലൂക്ക് തലങ്ങളിലുള്ള ലീഗല്‍ സര്‍വീസ് അഥോറിറ്റിക്കു തീര്‍പ്പുണ്ടാക്കാം. ഇതിനായി ജില്ലാ മജിസ്ട്രേറ്റിന്റെ അംഗീകാരമുള്ള മധ്യസ്ഥരെ നിയമിക്കണം. സാമുദായിക അംഗീകാരം ഉള്ളവരെയും വിശിഷ്ട സേവനങ്ങള്‍ക്കു സംസ്ഥാനതല പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ളവരെയും വെല്‍ഫയര്‍ അസോസിയേഷന് പ്രതിനിധികളെയും മധ്യസ്ഥരായി നിയമിക്കാം. മധ്യസ്ഥത ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്കു നിയമപരിരക്ഷ ലഭിക്കും. ഒത്തുതീര്‍പ്പ് കരാറുകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു മുന്നില്‍ 90 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. തര്‍ക്കപരിഹാര ചെലവ് കുറയ്ക്കാന്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഓണ്‍ലൈന്‍ തര്‍ക്കപരിഹാര വേദികള്‍ രൂപീകരിക്കുന്നത് ഉള്‍പ്പെടെ ശ്രദ്ധേയമായ നിര്‍ദേശങ്ങളാണ് കരട് ബില്ലില്‍ ഉള്ളത്.
മധ്യസ്ഥത നിയമ കരട് പുറത്തിറക്കി: ഇനി മത-സാമുദായിക തര്‍ക്കങ്ങള്‍ കോടതിയ്ക്ക് പുറത്തും തീര്‍ക്കാം
