കൊൽക്കത്ത: പശ്ചിമബംഗാളിൽ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം. ബി.ജെ.പി.ക്ക് നിലവിലുണ്ടായിരുന്ന രണ്ടു മണ്ഡലങ്ങൾ നഷ്ടമായി. മൂന്നിടത്ത് അവർക്ക് കെട്ടിവെച്ച കാശും പോയി.നാലിടത്തും കൂറ്റൻ ഭൂരിപക്ഷത്തോടെ ആധികാരിക വിജയമാണ് തൃണമൂൽ കോൺഗ്രസിന്. നുണപ്രചാരണങ്ങൾക്കും വിദ്വേഷരാഷ്ട്രീയത്തിനും എതിരായ വിധിയെഴുത്താണിതെന്ന് മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായി മമതാ ബാനർജി പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കുച്ച്ബിഹാർ ജില്ലയിലെ ദിൻഹാട്ട, നാദിയാ ജില്ലയിലെ ശാന്തിപ്പുർ മണ്ഡലങ്ങളാണ് ബി.ജെ.പി.യെ കൈവിട്ടത്. ദിൻഹാട്ടയിൽ തൃണമൂൽ സ്ഥാനാർഥി ഉദയൻ ഗുഹ 1,64,089 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. പാർട്ടിക്ക് മെച്ചപ്പെട്ട സംഘടനാസംവിധാനമുള്ള ഉത്തര ബംഗാളിലെ ഈ തോൽവി ബി.ജെ.പി.ക്ക് വലിയ ക്ഷീണമായി. കേന്ദ്ര സഹമന്ത്രി നിശീഥ് പ്രാമാണിക് എം.പി. സ്ഥാനം നിലനിർത്താനായി എം.എൽ.എ.സ്ഥാനം ഉപേക്ഷിച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിശീഥിന്റെ സ്വന്തം ബൂത്തിൽപ്പോലും ബി.ജെ.പി. ഏറെ പിന്നിലായി. കഴിഞ്ഞതവണ 57 വോട്ടിനു തോറ്റ ഉദയൻ ഗുഹയ്ക്ക് വിജയം മധുരപ്രതികാരമായി. ബി.ജെ.പി.യുടെ അശോക് മണ്ഡലിനെയാണ് ഗുഹ തോൽപ്പിച്ചത്.
24 പർഗാനാസ്-തെക്ക് ജില്ലയിലെ ഗോസാബാ മണ്ഡലത്തിൽ തൃണമൂലിന്റെ സുബ്രത മണ്ഡൽ 1,43,051 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി.യുടെ പലാശ് റാണയെ തോൽപ്പിച്ചത്. 24 പർഗാനാസ്-വടക്ക് ജില്ലയിലെ ഖർദ മണ്ഡലത്തിൽ തൃണമൂലിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ശോഭൻദേബ് ചതോപാധ്യായ 93,832 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ബി.ജെ.പി.യുടെ ജയ് സാഹയെ തോൽപ്പിച്ചു. ഇവിടെ എട്ടുറൗണ്ട് പിന്നിടുന്നതുവരെ സി.പി.എം. സ്ഥാനാർഥിയായിരുന്നു രണ്ടാംസ്ഥാനത്ത്.
നാദിയ ജില്ലയിലെ ശാന്തിപുരിൽ തൃണമൂൽ സ്ഥാനാർഥി ബ്രജകിഷോർ ഗോസ്വാമി ബി.ജെ.പി.യിലെ നിരഞ്ജൻ ബിശ്വാസിനെ 64,675 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്.ആറുമാസംമുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ എം.പി.യായ ജഗന്നാഥ് സർക്കാർ 15,878 വോട്ടിന് ജയിച്ച മണ്ഡലമാണിത്. അക്രമസാധ്യത കണക്കിലെടുത്ത് വിജയാഘോഷങ്ങൾ നടത്തേണ്ടതില്ലെന്ന് തൃണമൂൽ അണികൾക്ക് പാർട്ടി അഖിലേന്ത്യാ ജന. സെക്രട്ടറി അഭിഷേക് ബാനർജി നിർദേശം നൽകി

