കോഴിക്കോട് : കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയത്തിലെ കടമുറികള്‍ 2021 ഒക്ടോബര്‍ 31നകം ഒഴിയണമെന്ന് വശ്യപ്പെട്ട് കെടിഡിഎഫ്‌സി നോട്ടീസ് നല്‍കി. ഒരുവര്‍ഷമായി ഇവിടെ കച്ചവടം നടത്തിവരുന്ന വര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരുമായി നിലവിലുളള കരാര്‍ റദ്ദാക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. അറ്റകുറ്റ പണികള്‍ കഴിഞ്ഞാല്‍ ഇതേസ്ഥലത്ത് തുടരാനാകുമെന്ന് നോട്ടീസില്‍ പറയുന്നില്ല.
കെ.എസ്.ആര്‍.ടിസി കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും അറ്റകുറ്റപ്പണി ആവശ്യമാണെന്നുമുളള മദ്രാസ് ഐഐടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികള്‍. 75 ലക്ഷം രൂപയുടെ സുരക്ഷാ നിക്ഷേപമാണ് വാടകക്കാര്‍ കെടിഡിഎഫ്‌സിക്ക് നല്‍കിയത്. വലിയതുക ദിവസവാടകയും ഉണ്ട്. മതിയായ സമയം പോലും നല്‍കാതെ കടമുറികള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഇവര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ചെന്നൈ ഐഐടി നടത്തിയ പഠനത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം അടിയന്തിരമായി ബലപ്പെടുത്തുന്നത്. കെട്ടിടത്തിന് വലിയ തോതിലുളള ബലക്ഷയമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വേണ്ടത്ര നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചിട്ടില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
2015 ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടിസി സമുച്ചയം നിര്‍മിച്ചത്. 76 കോടി രൂപയാണ് സമുച്ചയത്തിന്റെ നിര്‍മാണ ചെലവ്. വലിയ വ്യാപ്‌തിയുളള കെട്ടിടത്തിലെ ചിലമുറികള്‍ വാടകയ്‌ക്ക് കൊടുക്കാനും അന്ന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തുടക്കം മുതലെ നിരവധി പരാതികളാണ് കെട്ടിടത്തിന്റെ അപാകത സംബന്ധിച്ച ഉയര്‍ന്നുവന്നത്. നിലവിലെ ബലക്ഷയം പരിഹരിക്കാന്‍ 30 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കുകൂട്ടുന്നത്.

