ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ ഒന്നാം റാങ്കുമായി മുവാറ്റുപുഴ സ്വദേശി സൂരജ് ബെൻ

കൊച്ചി: ആദ്യ പത്തിനുള്ളിൽ വരുമെന്ന് വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഒന്നാം റാങ്കുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ ‘പ്രാങ്ക്’ ആകുമെന്നാണ് കരുതിയതെന്ന് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സുരജ് ബെൻ. സിവിൽ സർവീസസ് പരീക്ഷയിൽ മൂന്നാം ശ്രമത്തിലാണ് മൂവാറ്റുപുഴ മന്നൂർ സ്വദേശിയായ സൂരജിന് ഐ.എഫ്.ഒ.എസ്. ലഭിച്ചത്. ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി സർവീസിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായിരിക്കെയാണ് സൂരജിന്റെ ഫോറസ്റ്റ് സർവീസ് നേട്ടം.

യു.പി.എസ്.സി തന്നെയാണ് സിവിൽ സർവീസും ഫോറസ്റ്റ് സർവീസ് പരീക്ഷയും നടത്തുന്നതെങ്കിലും ഫോറസ്റ്റ് സർവീസിന് പ്രിലിംസ് കട്ട് ഓഫ് കുറച്ച് കൂടുതലാണ്.ആദ്യത്തെ രണ്ട് തവണയും സിവിൽ സർവീസ് കട്ട് ഓഫ് ക്ലിയർ ചെയ്യാൻ കഴിഞ്ഞിരുന്നു. പക്ഷേ ഫോറസ്റ്റ് സർവീസ് പ്രിലിംസിന്റെ കട്ട് ഓഫ് ക്ലിയർചെയ്യാൻ കഴിഞ്ഞിരുന്നില്ല. രണ്ടാമത്തെ ശ്രമത്തിൽ 321 മത്തെ റാങ്ക് കിട്ടുകയും സർവീസിൽ കയറുകയുമായിരുന്നു. തൊട്ടടുത്ത വർഷം ട്രെയിനിങ് ആയിരുന്നതിനാൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. അങ്ങനെ ഇത്തവണയാണ് പരീക്ഷ എഴുതിയത്.

ഇത്തവണ പ്രിലിംസ് കിട്ടിയപ്പോൾ ഫോറസ്റ്റ് സർവീസിന് വേണ്ടി തന്നെ പരീക്ഷ എഴുതാമെന്ന് ഉറപ്പിക്കുകയായിരുന്നു. കൂടാതെ ലീവിന്റേത് അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ മറിച്ച് ചിന്തിക്കേണ്ടി വന്നില്ല. ആദ്യ പത്ത് റാങ്കിനുള്ളിലാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഒന്നാം റാങ്ക് തന്നെ കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല. ഒന്നാം റാങ്ക് ഉണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ എന്നെ പ്രാങ്ക് ചെയ്യുന്നതാകുമെന്നാണ്കരുതിയത്. പക്ഷേ പിന്നീട് റിസൽട്ട് കണ്ടുകഴിഞ്ഞപ്പോഴാണ് ഞാനും വിശ്വസിച്ചത്, സൂരജ് പറയുന്നു.

തിരുവനന്തപുരം ഐസറിലായിരുന്നു പഠിച്ചത്. അവിടെ നിന്ന് ഒരു പ്രോജക്ടിന്റെ ഭാഗമായാണ് ആദ്യമായി കാടിനെ അറിയുന്നത്. തേനി ഫോറസ്റ്റ് ഡിവിഷനിലും കുളത്തൂപ്പുഴ ഫോറസ്റ്റ് ഡിവിഷനിലുമായി ആറുമാസത്തോളം ജോലി ചെയ്തിരുന്നു. തേനിയിലെ ഫോറസ്റ്റ് ഓഫീസറായിരുന്ന ഗണേശനെയാണ് ആദ്യമായി പരിചയപ്പെടുന്നത്. അവിടെ ജോലി ചെയ്തുകൊണ്ടിരിക്കെ അവിടെയൊരു റെയ്ഡ് ഉണ്ടായി. അന്ന് അതൊക്കെ വലിയ അത്ഭുതമായിരുന്നു. അന്ന് ഉണ്ടായ അനുഭവങ്ങളൊക്കെ ഇപ്പോഴും മനസിലുണ്ട്. ആ അനുഭവങ്ങളൊക്കെ തന്നെയാണ് ഫോറസ്റ്റ് സർവീസിലേക്ക് ആകർഷിച്ചതും.

ഒരു ഓഫീസിനുള്ളിൽ ഇരുന്നുകൊണ്ടുള്ള ജോലിയോട് താത്പര്യമില്ലായിരുന്നു. ഫീൽഡ് ജോബായിരുന്നു ഇഷ്ടം. ഇവിടെ ഇന്ത്യൻ ഓർഡനൻസ് ഫാക്ടറിയിലും ആറ് മാസം ജോലി ചെയ്യുമ്പോൾ എനിക്ക് അത് വ്യക്തമായി മനസിലായി. ഒരു ഓഫീസിനുള്ളിൽ മാത്രം ഒതുങ്ങി ജോലി ചെയ്യാൻ സാധിക്കില്ലെന്ന് മനസിലാക്കാൻ സാധിച്ചു. സിവിൽ സർവീസിൽ വികസനങ്ങൾ ചെയ്യുന്നതുപോലെ തന്നെ കാടുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നിരവധി വികസന പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട്. ആദിവാസികളുമായി ഏറ്റവും അടുത്ത് ഇടപെഴകുന്നതും അവരുടെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും വനംവകുപ്പാണ്. ആദിവാസികളുമായി ബന്ധപ്പെട്ട് നിരവധി വികസന പ്രവർത്തനങ്ങൾക്കാണ് സാധുതയുള്ളത്. കൂടാതെ അടുത്തിടെയാണ് വനം പരിസ്ഥിതി മന്ത്രാലയം കാലാവസ്ഥയും കൂടി കൂട്ടിച്ചേർത്തത്. അങ്ങനെ വരുമ്പോൾ ഒരുപാട് വികസന സാധ്യതകളുള്ള മേഖലയായി മാറുകയാണ്. അടുത്ത മുപ്പതുവർഷത്തെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരുപാട് സാധ്യതകളാണ് ഉള്ളതെന്നാണ് സൂരജിന് പറയാനുള്ളത്.

ഓർഡിനൻസ് ഫാക്ടറിയിലെ തന്റെ അവസാന ദിനത്തെ ജോലിയും തീർത്ത് കൊച്ചിയിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് സൂരജ്. റിട്ട. അധ്യാപകൻ കെ.പി. രാജന്റെയും കെ ബിന്ദുവിന്റെയും മകനാണ് സൂരജ്. അധ്യാപികയായ രാകേന്ദുവാണ് സഹോദരി.

Share
അഭിപ്രായം എഴുതാം