തിരുവനന്തപുരം: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് ജാമ്യം ലഭിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായ വടകര എം.എല്‍.എ കെ.കെ. രമ. ജനാധിപത്യ ബോധമുള്ള സകല മനുഷ്യര്‍ക്കും ഈ വിധി പകരുന്ന ആഹ്ലാദവും ശുഭാപ്തിവിശ്വാസവും ചെറുതല്ലെന്നും രാജ്യത്തെ ഉന്നത നീതിപീഠത്തില്‍ നിന്ന് ഇനി ഈ കേസില്‍ സ്വാഭാവിക നീതി കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നും രമ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രമയുടെ പ്രതികരണം.
ചായ കുടിക്കാനല്ലാതെ ഈ കുട്ടികള്‍ എന്തിന് പോയതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. അന്വേഷണ സംഘം കുറ്റം തെളിയിക്കുന്നതിന് മുന്‍പ് തന്നെ മുഖ്യമന്ത്രി അലനെയും താഹയെയും കുറ്റവാളികളാക്കിയിരുന്നു. ഇവര്‍ ചായ കുടിക്കാന്‍ പോയതല്ലെന്ന പിണറായിയുടെ പ്രസ്താവന ഇതിന് തെളിവാണ്.
രണ്ട് വര്‍ഷമായിട്ടും ലഘുലേഖ കൈവശം വച്ചുവെന്ന ബാലിശമായ വാദം മാത്രമാണ് അന്വേഷണ സംഘത്തിന് ഇപ്പോഴും ലഭിച്ചിട്ടുള്ളു. ഇതിനപ്പുറം ഇവര്‍ രാജ്യസുരക്ഷയ്ക്ക് എതിരായി പ്രവര്‍ത്തിച്ചതിന്റെ ഒരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല. അതുതന്നെയാണ് സുപ്രീം കോടതിയുടെ ജാമ്യത്തിനും കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

