ന്യൂഡല്‍ഹി: അതിര്‍ത്തി സംരക്ഷണത്തിനെന്ന പേരില്‍ ചൈനീസ് സര്‍ക്കാര്‍ നിര്‍മിച്ച പുതിയ നിയമത്തിനെതിരേ ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയുടെ നീക്കം ഏകപക്ഷീയമാണെന്നും പുതിയ നിയമം പ്രാവര്‍ത്തികമാക്കാന്‍ തുനിയില്ലെന്നാണു പ്രതീക്ഷയെന്നും ഇന്ത്യ വ്യക്തമാക്കി. അതിര്‍ത്തിയിലെ ഉഭയകക്ഷി ക്രമീകരണങ്ങളെയും തല്‍സ്ഥിതിയേയും ബാധിക്കുന്ന തരത്തില്‍ ചൈന ഏകപക്ഷീയമായി നിയമം കൊണ്ടുവന്നത് ആശങ്കാജനകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യവക്താവ് വ്യക്തമാക്കി. ചൈനയ്ക്കും ഇന്ത്യക്കുമിടയില്‍ ഇനിയും പരിഹരിക്കപ്പെടാത്ത അതിര്‍ത്തി പ്രശ്നങ്ങളുെണ്ടന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. ചര്‍ച്ചകളിലൂടെയും ഒരേ ചുവടുവയ്പ്പുകളിലൂടെയും ന്യായവും യുക്തിസഹവുമായ പരിഹാരം കണ്ടെത്താമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുള്ളതാണ്. നിയന്ത്രണരേഖയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി ഒട്ടേറെ ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും സംവിധാനങ്ങളും ഇപ്പോഴുണ്ട്. ഇക്കാര്യത്തില്‍ പുതിയൊരു നിയമത്തിന് ഒന്നും ചെയ്യാനില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായ അഖണ്ഡതയും അതിര്‍ത്തികളും സംരക്ഷിക്കുന്നതിനായി എന്തു നടപടിക്കും ചൈനീസ് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണു കഴിഞ്ഞ ശനിയാഴ്ച പാസാക്കിയ നിയമം.
ചൈനയുടെ അതിര്‍ത്തി സംഘര്‍ഷ നിയമം ഏകപക്ഷീയമാണെന്ന് ഇന്ത്യ
