തിരുവനന്തപുരം: പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വർക്കിംഗ് കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കാലാവസ്ഥക്ക് അനുസരിച്ച് പ്രവൃത്തികൾക്ക് അനുമതി, പ്രവൃത്തി ആരംഭം തുടങ്ങിയവ ഏകീകരിക്കുന്ന തരത്തിലാകും കലണ്ടർ തയ്യാറാക്കുന്നത്. പൊതുമരാമത്ത് കരാറുകാരുടെ സംഘടനകളുമായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തുന്നതിന് റണ്ണിംഗ് കോൺട്രാക്റ്റ് സംവിധാനം നടപ്പാക്കും. ഓരോ റോഡിന്റേയും അറ്റകുറ്റപ്പണി നിശ്ചിത കാലയളവിലേക്ക് നിയമപരമായി ഓരോ കരാറുകാരെ ഏൽപ്പിക്കുന്നതാണ് രീതി. ഈ സംവിധാനം നടപ്പാക്കുമ്പോൾ എല്ലാ കരാറുകാരുടേയും പിന്തുണ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് മെയിന്റനൻസ് വിംഗ് ശക്തിപ്പെടുത്തും. ഉദ്യോഗസ്ഥർക്കൊപ്പം കരാറുകാർക്കും ആവശ്യമായ പരിശീലനം നൽകുന്നതിനായി കെ എച്ച് ആർ ഐ യിൽ സംവിധാനം ഏർപ്പെടുത്തും.
ഈ മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെ എല്ലാ സംഘടനകളും നിലകൊള്ളണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂന്ന് മാസത്തിലൊരിക്കൽ കരാറുകാരുടെ സംഘടനകളുടെ യോഗം നടത്തും. കരാറുകാരുടെ പ്രശ്‌നങ്ങൾ ഈ യോഗങ്ങളിൽ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് കരാറുകാരുടെ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പിന്തുണ അറിയിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മോൻസ് ജോസഫ് എം എൽ എ, മുൻ എം എൽ എ വി കെ സിമമ്മദ് കോയ, വർഗീസ് കണ്ണംപള്ളി, കെ ജെ വർഗീസ്, സണ്ണി ചെന്നിക്കര, ദിനേശ് കുമാർ, സുനിൽ പോള തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, കെ ആർ എഫ് ബി സി ഇ ഓ ശ്രീറാം സാംബശിവറാവു എന്നിവരും യോഗത്തിൽ പങ്കെടുത്തു.