കശ്മീര്‍: സായുധ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ സുരക്ഷാ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദത്തെ തുടച്ച് നീക്കാന്‍ ആവശ്യമെങ്കില്‍ സൈനിക ബലം കൂട്ടണമെന്നും കശ്മീരില്‍ നടന്ന ഉന്നതതല സുരക്ഷാ യോഗത്തില്‍ അമിത് ഷാ നിര്‍ദേശിച്ചു. തീവ്രവാദത്തെ’തുടച്ച് നീക്കണമെന്നാണ് അഞ്ച് മണിക്കൂര്‍ നീണ്ട സുരക്ഷാ അവലോകന യോഗത്തില്‍ അമിത് ഷാ ആവശ്യപ്പട്ടത്. നിലവിലെ സാഹചര്യം ആശ്വാസകരമാണെങ്കിലും സായുധരുടെ തുടര്‍ച്ചയായ നുഴഞ്ഞു കയറ്റത്തെ ഗൗരവമായി കാണേണ്ടതുണ്ട്. സൈന്യത്തിനും തദ്ദേശീയര്‍ക്കുമെതിരേ തുടരുന്ന ആക്രമണത്തെ കൂടുതല്‍ ശക്തമായി നേരിടണം. ആവശ്യമെങ്കില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു. നിലവില്‍ 50 കമ്പനി അര്‍ധ സൈനിക വിഭാഗത്തെ കൂടി കശ്മീരില്‍ വിന്യസിച്ച വിവരം സേനാ കമാന്‍ഡര്‍മാര്‍ യോഗത്തില്‍ അമിത് ഷായെ അറിയിച്ചു. സുരക്ഷാ അവലോകന യോഗത്തിന് മുന്‍പ് കൊല്ലപ്പെട്ട ജമ്മുകശ്മീര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ പര്‍വേസ് അഹമ്മദിന്റെ കുടുംബാംഗങ്ങളെ അമിത് ഷാ സന്ദര്‍ശിച്ചു. പര്‍വേസ് അഹമ്മദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കിയുള്ള ഉത്തരവും കൈമാറി.
കശ്മീര്‍ സന്ദര്‍ശനം പുരോഗമിക്കുന്നു: തീവ്രവാദത്തെ’തുടച്ച് നീക്കണമെന്ന് അമിത് ഷാ
