എറണാകുളം: വ്യാജ രേഖ സമർപ്പിച്ച് ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തൃപ്പുണിത്തറ സ്വദേശി റെജി മലയിലിനെതിരെ പരാതികളുമായി കൂടുതൽ പേർ. എറണാകുളത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 10 കേസുകളാമ് ഫയൽ ചെയ്തിട്ടുളളത്. തട്ടിപ്പിൽ ബാങ്കുദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷണം തുടങ്ങി.
സിബിൽസ്കോർ കുറവുള്ളതിനാൽ ലോൺ ലഭിക്കാനുള്ള ബുദ്ധിമുട്ടറിയിച്ചപ്പോൾ സ്വന്തം കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് റെജി പൗലോസ് , കുറുമശേരി സ്വദേശി പ്രകാശനെ കബളിപ്പിച്ചത്. പ്രകാശന്റെ ഭൂമിയുടെ ഈടിൽ അദ്യം ചെറിയ തുകക്ക് ലോണെടുത്തിരുന്നു. പീന്നീട് പ്രകാശനറിയാതെ പുതുക്കി 64ലക്ഷം രൂപ റെജി പൗലോസ് തട്ടിയെടുക്കുകയായിരുന്നു. ജപ്തി നോട്ടിസുമായി ബാങ്കൂദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് താൻ ഇത്ര വലിയ കടക്കാരനാണെന്ന് പ്രകാശനറിയുന്നത്.
ഇതു താങ്ങനാവാതെ ഹൃദയാഘാതത്തെ തുടർന്ന് പ്രകാശൻ മരിച്ചു. ഇപ്പോൾ ക്യാൻസർ രോഗിയായ ഭാര്യ മിനിയും മകൻ നന്ദുവും എന്നു പുറത്താക്കുമെന്ന് പേടിച്ച് വീട്ടിൽ കഴിയുകയാണ്. തട്ടിപ്പ് അന്വേഷിക്കണമെന്ന് ഹൈക്കോടതിയിൽ നിന്നും ഇവർ വിധി നേടിയെങ്കിലും പോലീസ് മൗനം പാലിച്ചു. റെജി പിടിയിലായെന്നറിഞ്ഞതോടെ വീണ്ടും ആലുവ പോലീസിനെ സമീപിച്ചിരിക്കുകയാണിവർ. ഇടപാട് ബാങ്ക് ഉദ്യോഗസ്ഥർ അറിഞ്ഞു നടത്തിയതെന്നാണ് ഇവർ പറയുന്നത്.
ചേർത്തല, ആലുവ ,എർണാകുളം ,സൗത്ത് കളമശേരി, തൃപ്പുണിത്തറ എന്നിവിടങ്ങിലായി 10 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പേർ പരാതികളുമായി പോലിസിനെ സമീപിക്കുമെന്നാണ് സൂചന. സംഭവത്തിൽ ബാങ്ക് ജീവനക്കാരുടെ പങ്കിനെകുറിച്ചും പോലീസ് അന്വേഷണം തുടങ്ങി. വ്യാജ രേഖയിൽ ഉദ്യോഗസ്ഥർ ലോൺ നൽകിയിട്ടുണ്ടോയെന്ന് ബാങ്കുകളും അന്വേഷം ആരംഭിച്ചിട്ടുണ്ട്.