ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനെന്ന് കോടതി: ശിക്ഷ 13ന്

കൊല്ലം: ഉത്ര വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ താൻ കൊലപാതകം നടത്തിയിട്ടില്ലെന്ന പ്രതികരണവുമായി സൂരജ്. വിധിപ്രസ്താവം കേട്ട് കോടതിയിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് സൂരജ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. താൻ കൊലപാതകിയല്ലെന്നും കൊലപാതകം ചെയ്തിട്ടില്ലെന്നുമാണ് സൂരജ് നിറകണ്ണുകളോടെ പറഞ്ഞത്.

നേരത്തെ വിധിപ്രസ്താവത്തിന് മുമ്പ് സൂരജിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ സമയം എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. തുടർന്ന് പ്രോസിക്യൂഷന്റെ വാദം ആരംഭിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പൈശാചികവും ദാരുണവും വിചിത്രവുമായ കൊലപാതകമാണിതെന്നും പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതിൽ കുറഞ്ഞ ശിക്ഷ നൽകിയാൽ സമൂഹത്തിൽ വേറെ ആർക്കും ഇത്തരത്തിൽ കുറ്റകൃത്യം ചെയ്യാൻ പ്രേരണയാകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

എന്നാൽ ഉത്ര വധക്കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സൂരജ് കൃത്യം ചെയ്തിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു. ഇതിനുശേഷമാണ് ആറാം അഡീഷണൽ സെഷൻസ് കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഐ.പി.സി. 302, 307, 328, 201 തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്നും കോടതി വ്യക്തമാക്കി. 2021 ഒക്ടോബർ 13-ന് കേസിലെ ശിക്ഷാ വിധി പ്രഖ്യാപിക്കും.

കോരിച്ചൊരിയുന്ന മഴയ്ക്കിടെയാണ് 2021 ഒക്ടോബർ 11ന് തിങ്കളാഴ്ച ഉത്ര കേസിൽ കോടതി വിധി പറഞ്ഞത്. കേരളത്തെ നടുക്കിയ കുറ്റകൃത്യത്തിന്റെ വിധി കേൾക്കാനായി വൻജനക്കൂട്ടമാണ് കോടതിയിലേക്കെത്തിയത്. ഉത്രയുടെ അച്ഛനും മറ്റു ബന്ധുക്കളും കോടതിയിലെത്തിയിരുന്നു. കോടതിയുടെ വിധി ആശ്വാസകരമാണെന്നായിരുന്നു ഉത്രയുടെ അച്ഛൻ വിജയസേനന്റെ പ്രതികരണം. സൂരജിന് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അതിനായി പ്രാർഥിക്കുകയാണെന്നും ഉത്രയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.. പോലീസിന്റെ അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഉത്രയുടെ അമ്മയും റിട്ട.അദ്ധ്യാപികയുമായ മണിമേഖല അഞ്ചലിലെ വീട്ടിലിരുന്ന് ടി.വി.യിലാണ് വിധിപ്രസ്താവം കേട്ടത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →