ആലപ്പുഴ: യുവജന കമ്മീഷന്‍ അദാലത്ത്: 12 പരാതികള്‍ പരിഹരിച്ചു

ആലപ്പുഴ: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ടറേറ്റില്‍ നടത്തിയ അദാലത്തില്‍ പരിഗണിച്ച 16 അപേക്ഷകളില്‍ 12 എണ്ണം തീര്‍പ്പാക്കി. ശേഷിക്കുന്നവ വിശദമായ ഹിയറിംഗിനായി അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയതായി രണ്ട് പരാതികള്‍ ലഭിച്ചു.

പ്രണയബന്ധങ്ങളുടെ തകര്‍ച്ച കൊലപാതകത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍ എന്നിവയുടെയും സഹകരണത്തോടെ യുവജനങ്ങള്‍ക്കിടയില്‍ ഊര്‍ജിത ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു. സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ ജനാധിപത്യപരമായ കാഴ്ചപ്പാടുകള്‍ വളര്‍ത്തുന്നതിനുതകുന്ന പാഠഭാഗങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യും. 

ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകള്‍ക്കായി യുവജന കമ്മീഷന്റെ സൗജന്യ നിയമസഹായ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം കേസുകള്‍ അടിയന്തരമായി പരിഗണിക്കാന്‍ മേഖലാതലത്തില്‍ പ്രത്യേക സിറ്റിംഗുകളും നടക്കുന്നുണ്ടെന്ന് ഡോ. ചിന്ത ജെറോം പറഞ്ഞു.

കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ആര്‍. രാഹുല്‍, വി.എ. സമദ്, റെനീഷ് മാത്യു, സെക്രട്ടറി എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം