‘പ്രസിഡൻഷ്യൻ ഡിക്രി’ എന്ന പേരിൽ വ്യാജ ഉത്തരവുണ്ടാക്കിയ വയോധികൻ അറസ്റ്റിൽ

കണ്ണൂർ; രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ് ഉണ്ടാക്കിയ എഴുപത്തിയൊന്നുകാരൻ അറസ്റ്റിൽ. എസ്ബിടി റിട്ടയേർഡ് ഉദ്യോഗസ്ഥൻ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പിപിഎം അഷറഫാണ് പിടിയിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്തെങ്കിലും ശാരീരിക അസ്വാസ്ഥ്യം തോന്നിയതിനാൽ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ രണ്ടാം പ്രതിയായ അഷറഫിന്റെ സഹോദരൻ പയ്യാമ്പലം സ്വദേശി പിപിഎം ഉമ്മർകുട്ടി ഒളിവിലാണ്.

കണ്ണൂർ ഫോർട്ട് റോഡിലെ പിപിഎം ഉമ്മർകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. കെട്ടിട ചട്ടങ്ങളുടെ ലംഘനമാണ് കെട്ടിട നിർമ്മാണമെന്ന് നഗരസഭ കണ്ടെത്തിയിരുന്നു. എന്നാൽ പൊളിക്കാൻ എത്തിയപ്പോൾ ഉമ്മർകുട്ടി കോർപ്പറേഷൻ നടപടി നിർത്തിവയ്ക്കണം എന്ന് കാണിക്കുന്ന രാഷ്ട്രപതിയുടെ ഉത്തരവ് മുനിസിപ്പൽ സെക്രട്ടറിക്ക് നൽകുകയായിരുന്നു. ഇത് വായിച്ച മുനിസിപ്പൽ സെക്രട്ടറി, ഇത് പൊലീസിന് കൈമാറി. ഉമ്മർകുട്ടി നേരത്തെ ഇതേ ‘രാഷ്ട്രപതിയുടെ ഉത്തരവ്’ അഡീഷണൽ ചീഫ് സെക്രട്ടറി, ഗവ.സെക്രട്ടറി, കളക്ടർ എന്നിവർക്കും അയച്ചിരുന്നു.

‘പ്രസിഡൻഷ്യൻ ഡിക്രി’ എന്ന പേരിൽ വിശദമായി രാഷ്ട്രപതി നൽകിയ ഉത്തരവിൽ മന്ത്രിസഭയുടെ അധികാരം ഇല്ലാതെ പാസാക്കിയ നഗരസഭ ചട്ടങ്ങൾ നിയമവിരുദ്ധമാണ് എന്ന് പറയുന്നു. ഉത്തരവിൽ സംശയം തോന്നിയ പൊലീസ് ഉമ്മർകുട്ടിയെയും, അഷറഫിനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

അഷറഫ് ചെയ്തതായി പൊലീസ് പറയുന്നത് ഇതാണ്, പൊതുജനങ്ങൾക്ക് രാഷ്ട്രപതി പരാതി നൽകാനുള്ള പോർട്ടലിൽ പരാതി നൽകിയ അഷറഫ് അനുബന്ധ രേഖയായി രാഷ്ട്രപതിയുടെ വ്യാജ മറുപടിയും സ്കാൻ ചെയ്ത് കയറ്റി. അതിനാൽ സൈറ്റിൽ കയറി നോക്കിയാൽ പരാതിക്ക് താഴെ ‘രാഷ്ട്രപതിയുടെ മറുപടിയും’ കാണാം. ഇത്തരത്തിൽ കാണിച്ചായിരുന്നു തട്ടിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →