ബത്തേരി: പുള്ളിമാനിനെ വേട്ടയാടിയെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർ പിടിയിലായി. പുൽപ്പള്ളിക്കടുത്ത് ചാമപ്പാറ തട്ടുപുരക്കൽ വീനിഷ്, ശശിമല പൊയ്കയിൽ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
2021 ഒക്ടോബർ മാസം ആറാം തീയ്യതിയാണ് ചെതലയം റെയ്ഞ്ചിന്റെ പരിധിയിൽ വരുന്ന വിനീഷിന്റെ കൃഷിയിടത്തിലെത്തിയ പുള്ളിമാനെ ഇവർ വേട്ടയാടിയത്. പിന്നീട് ചെതലയം റെയ്ഞ്ച് ഓഫീസർ അബ്ദുൾ സമദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പുൽപ്പള്ളിയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
വിനീഷിന്റെ വീട്ടിൽ നിന്നും ഏകദേശം നാല് കിലോയോളം വരുന്ന ഉണക്കിയതും മൂന്ന് കിലോ റെഫ്രിജറേറ്ററിൽ സൂക്ഷിച്ച നിലയിലുമുള്ള മാനിറച്ചിയാണ് പിടിച്ചെടുത്തിരിക്കുന്നത്. മാനിനെ വെടിവയ്ക്കാൻ ഉപയോഗിച്ച നാടൻ തോക്കും ഇവർ ഉപയോഗിച്ച ജീപ്പും ബൈക്കുമുൾപ്പടെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാനിന്റെ തോലും മറ്റു അവശിഷ്ടങ്ങളും പുഴയിൽ ഒഴുക്കി കളയുകയായിരുന്നു. ചെതലയം റെയ്ഞ്ചർ കെ.പി. അബ്ദുൾ സമദ്, പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ചർ സുനിൽകുമാർ, ഫോറസ്റ്റർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ 09/10/21 ശനിയാഴ്ച കോടതിയിൽ ഹാജരാക്കും

