ന്യൂ ഡല്‍ഹി : മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ തെറ്റായ പ്രവണതകളില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് സുപ്രീം കോടതി. മെഡിക്കല്‍ വിദ്യാഭ്യാസ രംഗവും മെഡിക്കല്‍ പ്രൊഫഷനും ബിസിനസായി മാറിയെന്ന് പരിതപിച്ച കോടതി നീറ്റ് പരീക്ഷയില്‍ കൊണ്ടുവന്ന മാറ്റങ്ങളും ആ വഴിക്കായത് രാജ്യത്തിന്റെ ദുരന്തമാണെന്നും രോഷത്തോടെ കൂട്ടിച്ചേര്‍ത്തു. 2021 നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷയുടെ സിലിബസ് ശരിയാക്കാന്‍ കേന്ദ്രത്തിന് ഒരവസരം കൂടി തരികയാണെന്നും കോടതി പറഞ്ഞു.നവംബര്‍ 13,14 തീയതികളില്‍ നടക്കേണ്ട നീറ്റ് പരീക്ഷയുടെ സിലിബസില്‍ ജൂലൈ 23 ന് ഇറക്കിയ ഉത്തരവിലൂടെ മാറ്റം വരുത്തിയതിനെതിരെ 41 പി.ജി ഡോക്ടര്‍മാരും മറ്റുളളവരും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
ജൂലൈയില്‍ പരീക്ഷ നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയ ശേഷം അവസാന നിമിഷം വരുത്തിയ മാറ്റങ്ങളെപ്പറ്റി കേന്ദ്രം നല്‍കിയ വിശദീകരണത്തില്‍ അതൃപ്‌തി അറിയിച്ച കോടതി ഈ രീതിയിലാണ് നമ്മുടെ വിദ്യാഭ്യാസ രംഗം വികൃതമാകുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ജസ്‌റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ,വിക്രം നാഥ്, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് രണ്ട് മണിക്കൂര്‍ വാദം കേട്ടശേഷമാണ് കേന്ദ്രത്തിന് ബുധനാഴ്‌ച വരെ സമയം നല്‍കാമെന്നും അതിനിടെ പരിഹാരം നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടത്.
കേസില്‍ പകുതി വാദമേ കേട്ടിട്ടുളളു. ഇത് മാറ്റിവയ്‌ക്കാന്‍ കോടതിക്ക് താല്‍പര്യമില്ല അതിനാണ് ഒരുദിവസംകൂടി സമയം അനുവദിക്കുന്നതെന്നും കോടതി പറഞ്ഞു. അവസാന നിമിഷം സിലിബസില്‍ മാറ്റം വരുത്തിയത് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ സീറ്റ് നിറക്കാനെന്ന തോന്നല്‍ കോടതിക്കുണ്ടാകേണ്ടതില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി പറഞ്ഞപ്പോഴായിരുന്നു മെഡിക്കല്‍ പ്രൊഫഷനിലെ നിലവാര തകര്‍ച്ചയെപ്പറ്റി കോടതി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.
സ്വകാര്യ മേഖലയിലെ നിക്ഷേപത്തേക്കാള്‍ വിദ്യാര്‍ത്ഥികളുടെ താല്‍പര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.അവരാണ് നാളെ ആതുര ശുശ്രൂഷരംഗത്തെ മാതൃകയാക്കേണ്ടവര്‍. ഭാവിയെ മുന്നില്‍ കണ്ടല്ല നിങ്ങള്‍ വരുത്തുന്ന മാറ്റങ്ങള്‍ .ആകെക്കൂടി ചെയ്യുന്നത് ഉളള അധികാരം ഉപയോഗിച്ചുളള ചിലകാര്യങ്ങള്‍ മാത്രം. കോടതി കുറ്റപ്പെടുത്തി.

