ന്യൂഡൽഹി: മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ഫേസ്ബുക്കിന് കീഴിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ തടസങ്ങള്‍ നീങ്ങി.
ചില സാങ്കേതിക കാരണങ്ങളാൽ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നുവെന്ന് ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. ഏഴ് മണിക്കൂറോളമാണ് ഫേസ്ബുക്കിന് കീഴിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പ്രവർത്തനം നിശ്ചലമായത്.
രാത്രി ഒന്‍പത് മണിയോടെ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ സന്ദേശങ്ങള്‍ കൈമാറാന്‍ തടസം നേരിടുകയായിരുന്നു.
സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന ഫേസ്ബുക്കിന്റെ തന്നെ ട്വീറ്റ് വന്നതോടെയാണ് ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും പണിമുടക്കിയതാണെന്ന് വ്യക്തമായത്.
ലോകവ്യാപകമായി മണിക്കൂറോളം സേവനം തടസപ്പെട്ടു. ഇന്ത്യന്‍ സമയം 05/10/21 ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെ തടസം നീങ്ങിയതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തു. സേവനം തടസപ്പെട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സിടിഒ മൈക്ക് സ്ക്രോഫറും പറഞ്ഞു.
എന്നാല്‍ തടസകാരണം എന്താണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിട്ടില്ല. അതിനിടെ ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 5.5 ശതമാനം ഇടിഞ്ഞു. ഗൂഗിളും ആമസോണും അടക്കമുള്ള പ്രമുഖ കമ്പനികളെയും തടസം ബാധിച്ചതായാണ് റിപ്പോർട്ട്.