ചണ്ഡിഗഡ്: നവജ്യോത് സിങ് സിദ്ദുവുമായി ടെലിഫോണില്‍ സംസാരിച്ചെന്നും പ്രശ്നപരിഹാരത്തിനായി ചര്‍ച്ചയ്ക്കു ക്ഷണിച്ചെന്നും പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. മന്ത്രിസഭാ രൂപീകരണത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് സിദ്ദു പഞ്ചാബ് പി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവച്ച സാഹചര്യത്തിലാണു ചന്നിയുടെ പ്രതികരണം. പാര്‍ട്ടിയാണു വലുതെന്നും സിദ്ദുവിനോടു പറഞ്ഞു. മതഗ്രന്ഥങ്ങളെ അപമാനിക്കല്‍, പോലീസ് വെടിവയ്പ്പ് തുടങ്ങിയ നിര്‍ണായക കേസുകള്‍ കൈകാര്യംചെയ്യാനായി പാര്‍ട്ടി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതനുസരിച്ചു സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരും അഭിഭാഷകരുമടങ്ങുന്ന പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.- ചന്നി പറഞ്ഞു. അതേ സമയം, കളങ്കിതരായ മന്ത്രിമാരെ ചന്നിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലും ഉള്‍പ്പെടുത്തിയത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നു സിദ്ദു ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതു മാത്രമാണു തന്റെ മതമെന്നും നീതിക്കുവേണ്ടിയും പഞ്ചാബിനുവേണ്ടിയുമാണു തന്റെ പോരാട്ടമെന്നും സിദ്ദു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റ് 72ാം ദിവസമായിരുന്നു സിദ്ദുവിന്റെ രാജി. അതിനിടെ, പുതിയ പി.സി.സി. പ്രസിഡന്റിനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതായാണു സൂചന.
സിദ്ദുവിനെ തിരിച്ചെത്തിക്കാന്‍ മുഖ്യമന്ത്രി ചന്നി
