തൃശ്ശൂർ: സമഗ്ര ടൂറിസം പദ്ധതിക്കൊരുങ്ങി ഗുരുവായൂര്‍

തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്രനഗരി കേന്ദ്രീകരിച്ച് തീര്‍ത്ഥാടന ടൂറിസം പദ്ധതി ഒരുങ്ങുന്നു. ആനക്കോട്ട, ചാവക്കാട് ബീച്ച്, ചേറ്റുവ കോട്ട എന്നിവ കോര്‍ത്തിണക്കി സമഗ്ര ടൂറിസം പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ആഭ്യന്തര ടൂറിസം, പില്‍ഗ്രിം ടൂറിസം എന്നിവയ്ക്കുള്ള അനന്തസാധ്യതകളും ഗുരുവായൂരിലുണ്ട്. പ്രശസ്ത എഴുത്തുകാരി കമല സുരയ്യ, ചലച്ചിത്ര സംവിധായകന്‍ രാമു കാര്യാട്ട് തുടങ്ങി സാഹിത്യ സാംസ്‌കാരിക നായകരുടെ ജന്മസ്ഥലങ്ങളും അവയുടെ ശേഷിപ്പുകളും കെ ദാമോദരന്റെ പാട്ടബാക്കി നാടകം ആദ്യമായി അരങ്ങേറിയ സ്ഥലം എന്നിവ കൂട്ടിയിണക്കി ഗുരുവായൂരില്‍ ലിറ്റററി ടൂറിസം സര്‍ക്യൂട്ട് നടപ്പിലാക്കാനും പദ്ധതിയുണ്ട്. നാടിന്റെ സാഹിത്യ പാരമ്പര്യത്തെ സംരക്ഷിച്ച് വരുംതലമുറയ്ക്കായി കരുതിവയ്ക്കാനാണ് ലിറ്റററി ടൂറിസം പദ്ധതി ലക്ഷ്യമിടുന്നത്. 

കനോലി കനാലില്‍ നിന്നും പൊന്നാനിയിലേക്കും കനാലില്‍ നിന്ന് കണ്ടശ്ശാങ്കടവ് വഴി തൃശൂര്‍ തിരുവഞ്ചികുളം വരെയുള്ള ജലപാത ഉപയോഗപ്പെടുത്തി കായല്‍ ടൂറിസം വിപുലപ്പെടുത്തും. ചക്കംകണ്ടം കായലില്‍ വാട്ടര്‍ ടൂറിസം സാധ്യതകളും കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പഠനങ്ങളും നടന്നു വരുന്നുണ്ട്. മുസിരിസ് പൈതൃക പദ്ധതി മോഡല്‍ സാധ്യതകളും പരിശോധിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഭാഗമായി ഗുരുവായൂരിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളും നടക്കുന്നു. 

കൂടാതെ ചേറ്റുവ ഹാര്‍ബര്‍ വിപുലമാക്കാനും മുനയ്ക്കക്കടവ് ഫിഷ് ലാന്‍ഡിങ് സെന്റര്‍ ഹാര്‍ബര്‍ ആക്കി ഉയര്‍ത്താനുമുള്ള വിവിധ വികസന പദ്ധതികളാണ് ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ സാധ്യമാകുന്നത്. നാടിന്റെ പെരുമയ്‌ക്കൊപ്പം ജനങ്ങള്‍ക്ക് സാമൂഹികമായും തൊഴില്‍പരമായുമുള്ള വികസനം ഇതുവഴി സാധ്യമാകും. ഗുരുവായൂരിലെ മുഴുവന്‍ സ്രോതസ്സുകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകഭൂപടത്തില്‍ ക്ഷേത്രനഗരിക്ക് ഇടം കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് എന്‍ കെ അക്ബര്‍ എംഎല്‍എ പറഞ്ഞു. 
 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →