ചണ്ഡീഗഢ്: ലക്ഷ്യമെന്തെന്നറിയാതെ തൊടുത്തുവിട്ട മിസൈലാണ് പഞ്ചാബ് കോണ്‍ഗ്രസ് മേധാവി നവ്ജ്യോത് സിങ് സിദ്ദുവെന്ന് ശിരോമണി അകാലിദള്‍ മേധാവി സുഖ്ബീര്‍ സിങ് ബാദല്‍. ഞാന്‍ നേരത്തെത്തന്നെ പറഞ്ഞിരുന്നു സിദ്ദു ലക്ഷ്യമില്ലാതെ പായുന്ന മിസൈലാണെന്ന്. അത് എവിടെ പോകുമെന്നോ ആരെ കൊല്ലുമെന്നോ അറിയില്ല. അദ്ദേഹം ആദ്യം അമരീന്ദര്‍ സിങ്ങിനെ തകര്‍ത്ത് പഞ്ചാബ് കോണ്‍ഗ്രസ് മേധാവിയായി. ഇപ്പോള്‍ പാര്‍ട്ടിയെ അവസാനിപ്പിക്കാന്‍ നോക്കുന്നു”- ബാദല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കോണ്‍ഗ്രസ് പഞ്ചാബ് യൂനിറ്റ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിദ്ദു രാജിവച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സിദ്ദു എന്തുതരം ആളാണെന്ന് നേരത്തെ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പഞ്ചാബിലെ ചെറിയ കുട്ടിക്ക് പോലും അതറിയാം. അദ്ദേഹം വലിയ ഈഗോയുള്ളയാളാണ്. പഞ്ചാബിനെ രക്ഷിക്കണമെങ്കില്‍ അദ്ദേഹത്തോട് മുംബൈയിലേക്ക് പോകാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിദ്ദു ലക്ഷ്യമില്ലാത്ത മിസൈല്‍: അമരീന്ദറിനെ പുറത്താക്കി, ഇപ്പോള്‍ പാര്‍ട്ടിയെ അവസാനിപ്പിക്കുന്നു-അകാലിദള്‍ മേധാവി
