പത്തനംതിട്ട: തടിയത്രപ്പടി -പനംതോട്ടത്തില്‍ പടി പാലത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ തടിയത്രപ്പടി -പനംതോട്ടത്തില്‍ പടി പാലത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തടിയത്രപ്പടി -പനംതോട്ടത്തില്‍ പടി പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

ഈ പാലം നിര്‍മിക്കുക എന്നത് ഇവിടുത്തെ ജനങ്ങളുടെ ഏറെനാളത്തെ ആഗ്രഹമാണ്. എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. ആറന്മുള നിയോജക മണ്ഡലത്തില്‍ ചെറുതും വലുതുമായ നിരവധി പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായത്. ഇനി വരുന്ന അഞ്ചു വര്‍ഷവും മണ്ഡലത്തില്‍ നിരവധി വികസനങ്ങള്‍ സാധ്യമാകും. കുടിവെള്ള പ്രശ്നത്തിന് സംസ്ഥാന സര്‍ക്കാര്‍ പരിഹാരം കണ്ടെത്തും. ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ ഇവ സാധ്യമാക്കും. മണ്ഡലത്തിലെ ജലക്ഷാമം പൂര്‍ണമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാറാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, ബ്ലോക്ക് മെമ്പര്‍ സി.എസ് അനീഷ് കുമാര്‍,  വാര്‍ഡ് മെമ്പര്‍മാരായ കെ.പ്രതീഷ്, സിസിലി ജോണ്‍, മുന്‍ മെമ്പര്‍ ആനി അച്ചന്‍കുഞ്ഞ്, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രമ്യാ സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →