കൊച്ചി : മുട്ടില്‍ മരംമുറിക്കേസ് അധികൃതശ്രദ്ധയിലെത്തിച്ച റെയിഞ്ച് ഓഫീസര്‍ എം സമീര്‍ അവധിയില്‍ പ്രവേശിച്ചു. ഒരാഴ്ചത്തേക്കാണ് അവധി. മൂന്നാഴ്ചയായി സമീറിന് പോലീസ് സുരക്ഷയുണ്ട്. മുട്ടില്‍ റേഞ്ചിലെ ഫോറസ്റ്റര്‍ ഉള്‍പ്പെടെ വനം ജീവനക്കാര്‍ക്കും അഗസ്റ്റിന് സഹോദരന്മാരില് നിന്ന് ഭീഷണി ഉണ്ടായിരുന്നു. അത് കണക്കിലെടുത്താണ് പോലീസ് സുരക്ഷ.വനം ജീവനക്കാര്‍ക്ക ഭീഷണിയുളളതായി സര്‍ക്കാര്‍ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
പ്രതകളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു പോലീസ് വാഹനത്തില്‍ വച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. അതേസമയം മുട്ടില്‍ റെയിഞ്ചിന്റെ പരിധിയില്‍ വരുന്ന പട്ടയഭൂമിയിലെ അനധികൃത മരംമുറിക്കലില്‍ വനം വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയായി. വെട്ടിയ മരങ്ങളെല്ലാം പിടിച്ചെടുത്തുകഴിഞ്ഞു.
318 മരങ്ങളാണ് മുറിച്ചത്. 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 62 ഭൂവുടമകളില്‍ നിന്നാണ് മരം വാങ്ങിയത്. അതില്‍ ഒരുലോഡ് മാത്രമേ വയനാട്ടില്‍ നിന്ന് പുറത്തുകടത്തിയുളളു. ബാക്കി പുരയിടങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. ആദ്യലോഡ് പെരുമ്പാവൂരില്‍ വെച്ചാണ് വനം ഉദ്യോഗസ്ഥര്‍ പിടികൂടിയത്.എറണാകുളം കരിമുകളിലുളള തടിമില്ലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പിടികൂടിയത്. അവിടെനിന്നും വിദേശത്തേക്ക് കയറ്റി അയക്കുകയായിരുന്നു ലക്ഷ്യം. 1.62 കോടി രൂപ തടിമില്ലുകാരനില് നിന്നും റോജി അഗസറ്റിന് മുന്‍കൂറായി കൈപ്പറ്റിയതായും അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.

