വിയ്യൂർ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: തൃശ്ശൂർ വിയ്യൂർ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്. ജയിൽ സൂപ്രണ്ട് എ.ജി.സുരേഷിനാണ് നോട്ടീസ് നൽകിയത്. ഉത്തര മേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ടിലാണ് നടപടി. ജയിലിലെ പ്രതികളുടെ ഫോൺ വിളി സംബന്ധിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ജയിൽ ഡിജിപി യുടെ ഉത്തരവ് . അന്വേഷണ റിപ്പോർട്ടിൽ സൂപ്രണ്ടിനെതിരെയടക്കമുള്ള കണ്ടെത്തൽ സർക്കാരിനെ അറിയിക്കും.

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ഫോൺ വിളി സജീവമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ജയിൽ ഡിജിപി പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണോ തടവുകാർക്ക് സൗകര്യം ലഭിക്കുന്നതെന്നും ജയിൽ ഡിജിപി പരിശോധിച്ചു. ജയിലിൽ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വ്യാപകമായതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് നേരത്തെ ജയിൽ മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.

നേരത്തെ ടി പി വധക്കേസ് പ്രതിയായ കൊടി സുനിയിൽ നിന്നും ഫോൺ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലിൽ വിളിച്ചെന്നും കണ്ടെത്തിയിരുന്നു. കൊലപാതക കേസിൽ തടവിൽ കഴിയുന്ന റഷീദ് എന്ന തടവുകാരൻ 223 മൊബൈൽ നമ്പറുകളിലേക്ക് 1345 തവണ ഫോൺ വിളിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. ഇതേ ഫോണിൽ നിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ട്. ജാമറുകൾ ഉൾപ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങൾ ഫലം കാണാത്ത സ്ഥിതിയാണ്. തീവ്രവാദ കേസുകളിൽ അടക്കം പ്രതികളായവർ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ അതീവ ഗൗരവത്തോടെ ആണ് ആഭ്യന്തര വകുപ്പ് വിഷയത്തെ കാണുന്നത്. അതു കൊണ്ടു തന്നെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ശുപാർശ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →