പുതിയ ഭവന നയം രൂപീകരിക്കുമെന്ന് ഭവന നിർമ്മാണ മന്ത്രി കെ.രാജൻ

കോഴിക്കോട്: കേരളത്തിലെ ഭവന രഹിതരായ മുഴുവൻ പേർക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവന നയം രൂപീകരിക്കുമെന്ന് റവന്യു- ഭവന നിർമ്മാണ മന്ത്രി കെ.രാജൻ പറഞ്ഞു. സർക്കാർ ജീവനക്കാർക്കും മുതിർന്ന ഓഫീസർമാർക്കും താമസ സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ശിലാഫലകം അനാഛാദനവും പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവൂർ ഇരിങ്ങാടൻ പള്ളി വർക്കിംഗ് വിമൻസ് ഹോസ്റ്റൽ അങ്കണത്തിലായിരുന്നു പാർപ്പിട പദ്ധതിയുടെ ഉദ്ഘാടനം നടന്നത്.

കേരളത്തിൽ നിരവധി പേർക്ക് ഇന്നും സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത അവസ്ഥയാണുളളതെന്നും ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഹൗസിംഗ് ബോർഡിന്റെ ഭൂമി ഏറ്റവും പ്രയോജനനകരമായ രീതിയിൽ പാവപ്പെട്ടവർക്കും ഉപയോഗപ്പെടുത്താനാവശ്യമായ നടപടിയെടുക്കും. കേരളത്തിൽ ഡിജിറ്റൽ സർവ്വേ വേഗത്തിൽ നടപ്പാക്കുന്നതോടെ നിലവിലെ കയ്യേറ്റഭൂമികളും അനധികൃത കൈവശഭൂമികളും കണ്ടെത്താൻ കഴിയും.

ഡിജിറ്റൽ സർവേക്കായി 807 കോടി രൂപയാണ് ചെലവഴിക്കുന്നത്. 87 വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്തിയിട്ടുണ്ട്. യുണീക്ക് തണ്ടപ്പേർ സമ്പ്രദായം നടപ്പാകുന്നതോടെ ഒരു വ്യക്തിക്ക് എവിടെയൊക്കെ ഭൂമിയുണ്ട് എന്നത് കണ്ടെത്താൻ എളുപ്പമാകും. ഇത് വിപ്ലവകരമായ മാറ്റമാണ് കേരളത്തിൽ ഉണ്ടാക്കുക. കുടിയേറ്റക്കാരും കയ്യേറ്റക്കാരും രണ്ടും വ്യത്യസ്ഥമാണ്. ഇത് രണ്ടും രണ്ടായി തന്നെയാണ് കാണുന്നത്.

അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും തിരിച്ചെടുക്കും. പട്ടയമേളയിലൂടെ 13,530 പേരാണ് ഭൂവുടമകളായി മാറിയത്. ഇത് ചരിത്രനേട്ടമാണ്. കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങളും മാതൃകാപരമായിരുന്നു. ഫയൽ അദാലത്ത് ഒക്ടോബർ മാസത്തിൽ നടക്കുന്നതോടെ വർഷങ്ങളായി തീർപ്പാകാതെ കെട്ടിക്കിടന്ന ഫയലുകളിൽ തീരുമാനമാകും. കേരളത്തിലെ വില്ലേജ് ഓഫീസുകൾ മുഴുവനായും ഡിജിറ്റലിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

വടകരയിൽ 28 കോടി രൂപ ചെലവിൽ റവന്യു ടവർ നിർമിക്കുക വഴി സർക്കാരിന്റെ നിരവധി സേവനങ്ങൾ ഒറ്റ ക്കുടക്കീഴിലായി മാറും. പുതിയ കെട്ടിടങ്ങൾക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മെഡിക്കൽ കോളജിനടുത്ത് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കോവൂർ – ഇരിങ്ങാടൻ പളളി റോഡിന് സമീപം സർക്കാർ ഉദ്യോഗസ്ഥർക്കായി ഒരുക്കുന്ന പാർപ്പിട പദ്ധതിക്കാണ് മന്ത്രി തറക്കല്ലിട്ടത്.

നാല് കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്.ഒരു വർഷം കൊണ്ട് ക്വാർട്ടേഴ്‌സ് പണി പൂർത്തിയാകും. ഫ്‌ളാറ്റുകൾ മിതമായ വാടകയിൽ നിശ്ചിത കാലത്തേക്ക് ഉദ്യോഗസ്ഥർക്ക് അനുവദിക്കുകയാണ് ലക്ഷ്യം. ഉദ്യോഗസ്ഥരായ 151 വനിതകൾക്ക് കുറഞ്ഞ ചെലവിൽ വാടകക്ക് താമസ സൗകര്യമുള്ള കെ.എസ്.എച്ച്.ബി വർക്കിംഗ് വിമെൻസ് ഹോസ്റ്റലിന് സമീപത്താണ് ഈ പദ്ധതിയും നടപ്പാക്കുന്നത്.

ചെലവൂർ വില്ലേജ് ഓഫീസ് നിർമ്മിക്കാൻ ചാമക്കാലയിൽ സി.ജയദാസൻ 4 സെന്റ് ഭൂമി സൗജന്യമായി സർക്കാരിന് വിട്ടു നൽകിയതിന്‍റെ സമ്മതപത്രം ചടങ്ങിൽ മന്ത്രി രാജൻ ഏറ്റുവാങ്ങി. നിലവിൽ വാടക കെട്ടിടത്തിലാണ് ചെലവൂർ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. സി.ജയദാസന്റെ പ്രവൃത്തിയെ മന്ത്രി അഭിനന്ദിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വീഡിയോ സന്ദേശം വഴി ആശംസയർപ്പിച്ചു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, പിടിഎ റഹിം എംഎൽഎ, വാർഡ് കൗൺസിലർ ഡോ.അജിത, ഹൗസിംഗ് കമ്മീഷണർ എൻ.ദേവിദാസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →