ന്യൂഡൽഹി: സൈനിക-ദേശീയ ആഘോഷങ്ങളുടെ ചടങ്ങുകൾക്കൊടുവിൽ സൈനിക ബാൻഡുകൾക്ക് അവതരിപ്പിക്കാൻ ഇനി പുതിയ ഗാനം. നിലവിൽ ഉപയോഗിക്കുന്ന ബ്രിട്ടീഷ് കാലത്തിന്റെ തുടർച്ചയായ സംഗീതത്തിനു പകരം രാജ്യത്തിന്റെ സ്വന്തം ഗാനം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഗാനമുണ്ടാക്കാൻ സൈന്യം തീരുമാനിച്ചത്.
ഇന്ത്യൻ സൈന്യത്തിന് മാത്രം ഉപയോഗിക്കാനായി ഹിന്ദിയിൽ ചിട്ടപ്പെടുത്തുന്ന മ്യൂസിക് സ്‌കോറിന് 2021 ജൂലൈയിൽ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തെമൂന്ന് സ്വകാര്യ കമ്പനികൾ ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇത് സൈന്യത്തിന്റെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സെറമോണിയൽ വെൽഫെയർ സംഘം പരിശോധിച്ചുവരികയാണ്.
പുതിയതായി തയ്യാറാക്കുന്ന ഗാനം രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ സൈനികരുടെയും അവരുടെ ബന്ധുക്കളുടെയും ത്യാഗത്തിന് സമർപ്പിക്കുമെന്ന് സൈന്യം പറയുന്നു. പുതിയ ഗാനത്തിന്റെ വരികൾ ആകർഷകവും അർത്ഥ വത്തുമാവണം. അത് സൈനികർ നേരിടുന്ന ബുദ്ധിമുട്ടുകൾക്കിടയിലും അവരുടെ അർപ്പണ ബോധത്തെ ഉയർത്തിക്കാട്ടുന്നതായിരിക്കണമെന്നും സൈന്യം പുറത്തുവിട്ട ആർപിഎഫ്(റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ)പറയുന്നു.
നിലവിൽ ബീറ്റിങ് റിട്രീറ്റ് ചടങ്ങിലുൾപ്പെടെ ഇന്ത്യയിലെ പല സൈനിക ചടങ്ങുകളിലും ഉപയോഗിക്കുന്ന സംഗീതത്തിന് ബ്രിട്ടീഷ് ഭരണകാലത്തിന്റെ ബന്ധമുണ്ട്. വിവിധ സൈനിക അക്കാദമികളിലുൾപ്പെടെ പാസിങ് ഔട്ട് പരേഡുകൾക്ക് ഒരേ ഗാനമാണ് കാലങ്ങളായി ഉപയോഗിക്കുന്നത്. നിലവിൽ മൂന്ന് കമ്പനികളാണ് ഈ നിബന്ധനകൾ പാലിച്ച് ഗാനം സമർപ്പിച്ചിരിക്കുന്നത്. അന്തിമ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഗാനം ഇന്ത്യൻ സർക്കാരിന്റെ ബൗദ്ധിക സ്വത്തിന്റെ ഭാഗമാകും.