കോഴിക്കോട്: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നെന്നും മുഖപത്രമായ സുപ്രഭാതത്തില്‍ 18/09/21 ശനിയാഴ്ച വന്ന ലേഖനത്തില്‍ പറഞ്ഞു.
ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരമാണെന്നും എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
‘വിദ്വേഷ പ്രചാരണം, വേട്ടക്കാരന് ഹലേലൂയ്യ പാടുന്നവര്‍’ എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. മന്ത്രി വാസവന്‍, പാലാബിഷപ്പ് ഹൗസില്‍ പോയി ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടതിന് ശേഷം, വിവാദ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും അതിനെതിരെ പ്രതികരിക്കുന്നവര്‍ ഭീകരവാദികളാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ടെന്ന് എന്നാണ് ലേഖനത്തില്‍ മുസ്തഫ മുണ്ടുപാറ പറഞ്ഞു.