ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ ഉണ്ടായ സാഹചര്യങ്ങള്‍ ഇന്നു ലോകം നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നു തെളിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനും മൗലികവാദത്തിനുമെതിരേ ലോകരാജ്യങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും താജിക്സ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബേയില്‍ നടക്കുന്ന ഇരുപതാമത് ഷാങ്ഹായ് സഹകരണ (എസ്.സി.ഒ.) ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളികളെ നേരിടാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ സംയുക്തശ്രമം നടത്തണം. ഇതിനുള്ള നടപടികള്‍ കൈക്കൊള്ളാനും അദ്ദേഹം ആഹ്വാനം ചെയ്തു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സാക്ഷിയാക്കിയാണ് ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരേ പ്രധാനമന്ത്രി മോദി ആഞ്ഞടിച്ചത്.