ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്റെ സഹജീവനം പദ്ധതി ഹെല്‍പ്പ് ഡസ്ക്കിലൂടെ ഓഗസ്റ്റ് മാസത്തില്‍ 7512 ഭിന്നശേഷിക്കാരുടെ വിവിധ പ്രശ്നങ്ങളില്‍ തുടര്‍നടപടി സ്വീകരിച്ചു. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്പെഷ്യല്‍ സ്കൂളുകളുടെയും സഹകരണത്തോടെയാണ് ഹെല്‍പ്പ് ഡസ്കിന്റെ പ്രവര്‍ത്തനം.
ഓരോ ബ്ലോക്കിലും തിരഞ്ഞെടുക്കപ്പെട്ട സ്പെഷ്യല്‍ സ്കൂളോ ബി.ആര്.സിയോ കേന്ദ്രീകരിച്ചാണ് സഹജീവനം ഹെല്‍പ്പ് ഡസ്ക്കുകള്‍ സേവനം ലഭ്യമാക്കുന്നത്.
പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ ബഡ്സ്, ബി.ആര്.സി, എസ്.എസ്.കെ. സ്പെഷ്യല്‍ അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്കാണ് ഹെല്‍പ്പ് ലൈനിന്റെ ചുമതല.
ബ്ലോക്ക് തലത്തില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാര്‍ ഏകോപനം നിര്‍വഹിക്കുന്നു. ജില്ലാ തലത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, എല്‍.എല്‍.സി. കണ്‍വീനര്‍, കുടുംബശ്രീ, എസ്.എസ്.കെ, വനിതാ- ശിശു വികസന വകുപ്പ് എന്നിവയുടെ ജില്ലാ ഓഫീസര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ സഹകരണത്തോടെ ഓഗസ്റ്റ് മാസത്തില്‍ 7512 ഭിന്നശേഷികാര്‍ക്ക് വാക്സിനേഷനും 35 പേര്‍ക്ക് മരുന്നും നല്കി. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഭിന്നശേഷിക്കാരന് സ്പോണ്‍സര്‍ഷിപ്പ് സഹായത്തോടെ കഞ്ഞിക്കുഴി ദീപ്തി സഹജീവനം ഹെല്‍പ്പ് ഡസ്ക് മുഖേന ബാത്ത് റൂം നിര്‍മിച്ച് നല്കി.
കോവിഡ് കാലത്ത് ഭിന്നശേഷിക്കാര്‍ നേരിടുന്ന തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പദ്ധതി അവലോകന യോഗം വിലയിരുത്തി.
പഠനോപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് ഇവ ലഭ്യമാക്കും. സന്നദ്ധ സംഘടകള്‍, ഇതര വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ തൊഴില്‍ സംരഭങ്ങള്‍ കണ്ടെത്തുന്നതിനായി പരിശ്രമിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ സമൂഹ്യനീതി ഓഫീസര്‍ എ.ഒ. അബീന് അധ്യക്ഷത വഹിച്ചു. എല്‍.എല്‍.സി. കണ്‍വീനര്‍ ടി.ടി. രാജപ്പന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടുംബശ്രീ എ.ഡി.സി. ശ്രീദേവി, പി. പ്രദീപ്കുമാര്‍, സലീന, വിന്‍സി, സ്പെഷ്യല്‍ സ്ക്കൂള് പ്രതിനിധികള്‍ എന്നിര്‍ പങ്കെടുത്തു.

