കാല്പന്ത് കളിയോട് ഏറെ ഇഷ്ടം വെച്ച് പുലർത്തിയ നെമിൽ വളരെ ചെറുപ്പത്തിലെ കാലിൽ എന്ത് കിട്ടിയാലും തട്ടി കളിക്കുമായിരുന്നു. അതിന് കാരണം അവന്റെ ഉപ്പ നാട്ടിലെ ക്ലബ്ബിന് വേണ്ടി കളിച്ച് അറിയപെട്ടിരുന്ന ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു. അഞ്ചാം വയസ് മുതൽ ഹെമിൽ കേഴിക്കോടിന്റെ തെരുവോരങ്ങളിൽ പന്ത് തട്ടി കളിച്ചു തുടങ്ങി. അവന്റെ പന്തിനോടുള്ള അടക്കാനാവാത്ത അഭിനിവേഷം ഞാൻ മനസിലാക്കി . ആ സമയത്താണ് അവന്റ ഇക്കാക്കയായ (ജേഷ്ടൻ ) നിഹാലിന് സ്ക്കൂളിൽ നിന്ന് ഫുട്ബോളിന് സെലക്ഷൻ കിട്ടി മെഡിക്കൽ കോളേജിനടുത്ത് ഒരു ക്യാമ്പിൽ പോവാൻ തുടങ്ങിയത്. ഇത് കണ്ട നെമിൽ കളിപ്പാട്ടങ്ങൾക്ക് വേണ്ടി കരയേണ്ട പ്രായത്തിൽ ക്യാമ്പിൽ പോവണമെന്ന വാശിയായി.
ഏഴ് വയസ് ഉള്ളപ്പോൾ ഞാൻ അവനെ ആ ക്യാമ്പിൽ കളിക്കാൻ കൊണ്ട് പോയി തുടങ്ങി. നിർഭാഗ്യവശാൽ ജേഷ്ടനായ നിഹാലിന് ന്യൂമോണിയ വന്നത് കൊണ്ട് അവന് കളിക്കാൻ പോവാൻ പറ്റാതെയാവുകയും അത് കാരണം നെമിലിന്റെ പരിശീലനവും നിർത്തേണ്ടിവന്നു.
വി പി സത്യൻ സോക്കർ അക്കാഡമി :
പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം പതിനൊന്നാം വയസിൽ ഞാൻ അവനെ കോഴിക്കോട് വി പി സത്യൻ സോക്കർ അക്കാഡമിയിൽ കൊണ്ട് പോയി തുടങ്ങി. ആ ക്യാമ്പിൽ വെച്ച് അവൻ ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചു. ആ ക്യാമ്പിലുളള അവന്റെ കോച്ചുമാരും ക്യാമ്പിലെ മറ്റു കുട്ടികളുടെ പാരന്റ്സുമെല്ലാം അവനെ ഏറെ സപ്പോർട്ട് ചെയ്തു. ഒട്ടേറെ ടൂർണമെന്റുകൾ കളിക്കാനും അതിലൂടെ നല്ല കളിക്കാരനുള്ള ഒരു പാട് ട്രോഫികളും മെഡലുകളും അവൻ സ്വന്തമാക്കിയിരുന്നു.
ആ ചെറുപ്രായത്തിൽ നേരം പുലരുമ്പോൾ തന്നെ അവനെ വിളിച്ചുണർത്തി കളിക്കാനായി ഗ്രൗണ്ടിലേക്ക് കൊണ്ടു പോവുന്നുതും പോവുന്ന വഴി ടൂവീലറിലിരുന്ന് ഞാൻ പതുക്കെ വണ്ടിയോടിച്ച് കൊണ്ട് കിലോമീറ്ററുകളോളം അവനെ ഞാൻ റോഡിലൂടെ ഓടിക്കുന്നതും ഇപ്പോഴും ഞാൻ ഓർക്കുന്നു. ഒരു പക്ഷേ പഠിക്കാൻ നിർബന്ധിക്കേണ്ട സമയത്തും ഞങ്ങൾ അവനോട് കളിക്കാനായിരുന്നു പറഞ്ഞിരുന്നത്. ഈ സമയത്താണ് ബി ബി സി ചാനൽ ജൂനിയർ നെയ്മർ എന്ന പേരിൽ നെമിലിന്റെ ഡോക്യുമെന്ററി എടുത്തത്.
റിലയൻസിലേക്കുള്ള യാത്ര :
രണ്ട് വർഷത്തോളമായി വി പി സത്യൻ അക്കാഡമിയിൽ കളിച്ചു കൊണ്ടിരിക്കെ റിലയൻസിലേക്ക് ഒരു ഒരു ഓപ്പൺ സെലക്ഷൻ വരികയും മുവായിരത്തോളം കുട്ടികൾ പങ്കെടുത്ത ആ സെലക്ഷൻ ക്യാമ്പിൽ നെമിലിന് പങ്കെടുക്കാൻ അവസരം കിട്ടുകയും അതിലെ ഫൈനൽ സെലക്ഷനിൽ അവൻ ഉൾപെടുകയും ചെയ്തു. അതിൽ നിന്ന് 24 കുട്ടികളെ തെരഞ്ഞെടുത്തതിൽ നെമിലിന്റെ പേരും വന്നു. ഓൾ ഇന്ത്യാ സെലക്ഷന് വേണ്ടി മുംബൈയിലേക്ക് പോയി. അവിടെ നിന്ന് 24 കുട്ടികളെ തെരഞ്ഞെടുത്തതിൽ നെമിൽ ഉൾപെടുകയും ചെയ്തു. അങ്ങിന്റെ തന്റെ പതിമൂന്നാം വയസിൽ മുംബൈ റിലയൻസിലേക്ക് നെമിൽ പോവുകയായിരുന്നു.
വളരെ ചെറുപ്പത്തിലെ വീട് വിട്ട് അവനെ മുംബൈ പോലുള്ള നഗരത്തിലേക്ക് പറഞ്ഞു വിടുന്നതിൽ പലർക്കും എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും അവന്റെ ഭാവി ഫുട്ബോളിലാണെന്ന് മനസിലാക്കിയ ഞാൻ ആ എതിർപ്പുകളെയെല്ലാം അവഗണിച്ചു. അങ്ങിനെ അവന്റെ ആഗ്രഹങ്ങളിലൂടെ എന്റെ സ്വപ്നങ്ങളിലേക്ക് അവൻ പറന്നു.
റിലയൻസിൽ നിന്ന് അവൻ കാല്പന്ത് കളിയുടെ അന്ത സാധ്യതകളെ കുറിച്ച് മനസിലാക്കി. കളിയുടെ കാലിൽ തീർക്കുന്ന മായാജാലങ്ങൾ അവൻ പഠിച്ചു. മലയാളം മാത്രം സംസാരിച്ചിരുന്ന അവൻ ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചു. നിതാ അംബാനിയടക്കം അവിടെയുള്ള കോച്ചുമാരും മറ്റുള്ളവരും ഏറെ സപ്പോർട്ട് ചെയ്തു. സ്വന്തം മകനെ പോലെ റിലയൻസ് അവനെ ഏറ്റെടുത്തു. അവന്റെ അവന്റെ കളിയോടൊപ്പം തന്നെ പഠിപ്പിനും പ്രാധാന്യം കൊടുത്തു.

സ്പൈനിലേക്ക് :
റിലയൻസിൽ നിന്ന് സ്‌പൈനിലേക്ക് പോവാൻ അവന് അവസരം ലഭിക്കുകയും പതിനേഴാം ബാഴ്സിലോണയിലെ മാർസറ്റ് അക്കാഡമിയിലേക്ക് സ്ക്കോളർഷിപ്പോടു കൂടി പോവുകയായിരുന്നു. അവിടെ ട്രയൽസ് വഴി എഫ് ഇ ഗ്രാമയുടെ മൂന്നാം ഡിവിഷൻ ക്ലബ്ബിലെ അണ്ടർ 19 ടീമിലെത്തുന്നത്. സ്പാനിഷ് അണ്ടർ 18 സെക്കന്റ് ഡിവിഷനിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ടൂർണ്ണമെന്റിൽ ടോപ്പ് സ്കോറർ ആവുകയും ചെയ്തു,

ഗോവ എഫ് സി :
ബാഴ് സിലോണയിൽ പരിശീലനം നടത്തുന്നതിന്നിടയിലാണ് എഫ് സി ഗോവയുമായി നാല് വർഷത്തെ കരാറിൽ ഒപ്പ് വെയ്ക്കുന്നത്. എങ്കിലും സ്പൈനിലെ പരിശിലനം തുടരാൻ ഗോവൻ മാനേജ്മെന്റിന്റെ സമ്മതവും സപ്പോർട്ടും ഉണ്ടായിരുന്നു. സ്പൈനിലെ പരിചയ സമ്പത്ത് എഫ് സി ഗോവയിലെത്തിയപ്പോൾ എല്ലാ തരത്തിലും അവന് ഗുണം ചെയ്യുകയും ഗോവക്ക് വേണ്ടി പ്രകടനം പുറത്തെടുക്കാനും സാധിച്ചു.

ഇഷ്ടതാരം മെസി :
എല്ലാ കളിക്കാരെയും അവന് ഇഷ്ടവും ബഹുമാനവുമാണ്. എന്നാലും ഏറ്റവും ഇഷ്ടം ആരാണെന്ന് ചോദിച്ചാൽ ആദ്യം നാവിൽ വരുന്ന പേര് മെസി തന്നെയാണ്.
ഐ എസ് എൽ:
ഐ എസ് എൽ കളിക്കാനായുള്ള തയ്യാറെടുപ്പിലാണ് ഇനി . സപ്തംബർ 22 ന് തുടങ്ങാനിരിക്കുന്ന ഐ എസ് എൽ ന്റെ പരിശീലനം ഡ്യുറന്റ് കപ്പ് കഴിഞ്ഞതിന് ശേഷം തുടങ്ങും.
കുടുംബം :
കോഴിക്കോട് ക്കാരൻ നെമിലിന്റെ ഉപ്പ അബൂബക്കറും ഉമ്മ നസീറബക്കറുമാണ്
ഞങ്ങളുടെ മൂന്ന് മക്കളിൽ ഇളയവനാണ് നെമിൽ . അവന്റെ കളികൾ കാണാൻ കാത്തു നിൽക്കാതെ രണ്ട് വർഷം മുമ്പ് അവന്റെ ഉപ്പ മരിച്ചു. ജേഷ്ടത്തി നെബ് ല ഫഹദ്, ജേഷ്ടൻ മുഹമ്മദ് നിഹാൽ, ജേഷ്ടത്തിയുടെ ഭർത്താവ് ഫഹദ് പുൽപറമ്പിൽ എന്നിവർ അടങ്ങുന്നതാണ് നെമിലിന്റെ കുടുംബം .
എന്റെ മകൻ ഈ നിലയിൽ എത്തിപെട്ടതിന് ആദ്യമായി ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു. അതോടൊപ്പം അവൻ ഇവിടെ എത്താൻ സഹായിച്ച, കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും നിങ്ങളുടെ
എല്ലാവരുടെയും സ്നേഹവും പിന്തുണയും പ്രാർത്ഥനയും നെമിലിന് ഉണ്ടാവണം എന്നേ ഈ അവസരത്തിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത്.



