കോഴിക്കോട്: ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ട് പുതിയ കമ്മറ്റി രൂപീകരിച്ചതിൽ പ്രതിഷേധിച്ച് ഹരിതയില്‍ രാജി. ഹരിതയുടെ കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ പ്രസിഡന്റുമാരാണ് രാജിവച്ചത്.
വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിനും കാസര്‍ഗോട് ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുല്ലയുമാണ് രാജി നല്‍കിയത്. നേരത്തെ ലൈംഗീകാധിക്ഷേപ പരാതിയില്‍ നടപടിയെടുക്കണമെന്ന് കാണിച്ച് എം.എസ്.എഫിലും രാജി ഉണ്ടായിരുന്നു.
പിരിച്ചുവിട്ട സംസ്ഥാന കമ്മറ്റിക്ക് പകരം 12/09/21 ഞായറാഴ്ചയാണ് പുതിയ സംസ്ഥാന കമ്മറ്റി ലീഗ് പ്രഖ്യാപിച്ചത്. ലീഗ് സെക്രട്ടറി പി.എം.എ. സലാമാണ് ഹരിതയുടെ പുതിയ കമ്മറ്റി പ്രഖ്യാപിച്ചത്.
പിരിച്ചുവിട്ട സംസ്ഥാന കമ്മറ്റിയില്‍ ട്രഷററായിരുന്ന പി.എച്ച്. ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ അധ്യക്ഷ. ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയുമാണ് തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാരായി നജ്‌വ ഹനീന (മലപ്പുറം), ഷാഹിദ റാഷിദ് (കാസര്‍ഗോഡ്), അയ്ഷ മറിയം (പാലക്കാട്) എന്നിവരെയും സെക്രട്ടറിമാരായി അഫ്ഷില (കോഴിക്കോട്), ഫായിസ എസ്. (തിരുവനന്തപുരം), അഖീല ഫര്‍സാന (എറണാകുളം) എന്നിവരെയും നിയമിച്ചു.
ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത റുമൈസ റഫീഖ് നേരത്തെ ജില്ല ഭാരവാഹിയായിരുന്നു. എം.എസ്.എഫ് അധ്യക്ഷനടക്കമുള്ളവര്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ ട്രഷററായിരുന്ന പി.എച്ച് ആയിഷ ബാനു ഒപ്പ് വച്ചിരുന്നില്ല.
അധ്യക്ഷന്‍ പി.കെ. നവാസിനും നേതൃത്വത്തിനും അനുകൂല നിലപാട് ആയിരുന്നു ആയിഷ സ്വീകരിച്ചിരുന്നത്. അതേസമയം ഹരിത – എം.എസ്.എഫ് വിവാദത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പി.എം.എ. സലാം വീണ്ടും ആരോപിച്ചു.
ഹരിത ഭാരവാഹികള്‍ക്ക് നിഗൂഡമായ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാകില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ഗ്രൂപിസമാണെന്നും സലാം ആരോപിച്ചു.
അതേസമയം ഹരിത പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരിത അംഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിഷയത്തില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കൂട്ടായ്മ പിരിച്ചു വിടുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു പരാതി നല്‍കിയ ഹരിതയുടെ ഭാരവാഹികളായിരുന്നവര്‍ പറഞ്ഞത്. വനിത കമ്മിഷനില്‍ നല്‍കിയ പരാതി ഒരുകാരണവശാലും പിന്‍വലിക്കില്ലെന്നാണ് ഹരിത മുന്‍ നേതാക്കളുടെ നിലപാട്.

