ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ വര്‍ദ്ധിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : ആദ്യഡോസ്‌ വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാക്കിയ ജില്ലകളില്‍ ആന്റിജന്‍ ടെസ്റ്റ് അടിയന്തിര ചികിത്സാ ആവശ്യങ്ങള്‍ക്കു മാത്രമായി ചുരുക്കാനും ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 80 ശതമാനം വാക്‌സിനേഷന്‍ പൂര്‍ക്തിയാക്കുന്ന മുറക്ക്‌ സംസ്ഥാന വ്യാപകമായി ഈ തീരുമാനം നടപ്പിലാക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഡബ്ല്യു ഐപിആര്‍ നിരക്ക 8ന്‌ മുകളിലുളള നഗര, ഗ്രാമ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. നിലവില്‍ 7 ശതമാനത്തിന്‌ മുകളില്‍ ഡബ്ല്യു ഐപിആര്‍ ഉളള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ്‌ 8 ശതമാനത്തിന്‌ മുകളിലാക്കിയത്‌.

ക്വാറന്റൈന്‍ ലംഘിക്കുന്നവരെ നിര്‍ബന്ധിത ക്വാറന്റൈനിലേക്കയക്കുവാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. നിലവില്‍ അത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. അത്‌ കൂുതല്‍ ശക്തിപ്പെടുത്തും. രോഗികളുളള വീടുകളില്‍ നിന്നുളളവര്‍ ക്വാറന്‍റൈന്‍ ലംഘിക്കുന്നത്‌ കര്‍ശനമായി തടയും. മറ്റുസംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനങ്ങളിലേക്കുളള പ്രവേശനത്തിനായി രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആ വിഭാഗക്കാരുടെ വാക്‌സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും.

കോവിഡ്‌ പോസിറ്റീവായി ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീടുകളില്‍തന്നെ തുടരുന്നുവെന്ന്‌ ഉറപ്പാക്കാന്‍ ശക്തമായ നടപടികളാണ് പോലീസ്‌ സ്വീകരിച്ചുവരുന്നത്. തദ്ദേശ സ്ഥാപനങ്ങളും ഈ രംഗത്ത് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം പോലീസ്‌ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ സംഘത്തിന്റെ സഹായത്തോടെയാണ് ഇതിനുവേണ്ട പരിശോധനകള്‍ നടത്തുന്നത്.

ആശുപത്രിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളും വൈകിയെത്തുന്നവരായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വൈകിയെത്തി മരണം സംഭവിച്ചിട്ടുളളവരില്‍ ഏറ്റവും അധികം പ്രമേഹവും രക്തസമ്മര്‍ദവും ഒരുമിച്ചുളളവര്‍ ആണ്. അതിനാല്‍ കോവിഡ്‌ അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്‌.

മാത്രമല്ല ട്രീറ്റ്‌മെന്റ് പ്രോട്ടോ കോളുകള്‍ അനുസരിച്ച്‌ ചികിത്സ എടുക്കുകയും വേണം. വാക്‌സിനേഷന്‍ എടുത്തവരില്‍ രോഗലക്ഷണം ഉളളവര്‍മാത്രം ഡോക്‌ടറെ സമീപിച്ചാല്‍ മതിയാകും. വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്‌. ആന്റിജന്‍ പരിശോധന അടിയന്തിര സാഹചര്യങ്ങളില്‍മാത്രമാണ് നടത്തേണ്ടത്.ഗൃഹാന്തരീക്ഷത്തില്‍ തുടരുന്ന കോവിഡ്‌ പോസിറ്റീവായ എല്ലാ യുവാക്കളും പ്രമേഹ പരിശോധന നടത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →