പാലക്കാട് : ഒറ്റപ്പാലത്ത് വീട്ടമ്മയെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍എസ് റോഡ് തെക്കേത്തൊടിയില്‍ കദീജാ മന്‍സിലില്‍ കദീജ (63) ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കദീജയുടെ സഹോദരിയുടെ മകള്‍ ഷീജ, ഇവരുടെ മകന്‍ യാസിര്‍ എന്നിവരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. 2021 സെപ്‌തംബര്‍ 9 വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.
കയ്യില്‍ ഗുരുതരമായ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. അവിവാഹിതയായ കദീജയും ഷീജയും ഒന്നിച്ചായിരുന്നു താമസം. കദീജയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചെന്ന പേരില്‍ വ്യാഴാഴ്‌ച രാവിലെ ഇരുവരും തമ്മില്‍ തര്‍ക്ക മുണ്ടായതായി പോലീസ് പറഞ്ഞു. ഇതിന്റെ പേരില്‍ അവര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. കദീജക്ക് പരാതിയില്ലെന്ന അറിയച്ചതോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് രാത്രി കദീജയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്. ഷൊര്‍ണൂര്‍ ഡിവൈഎസ്‌പി വി. സുരേഷ്, ഒറ്റപ്പാലം പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.



