കൽപ്പറ്റ: സംസ്ഥാനത്തെ കടുവകളുടെ സെൻസസ് ആരംഭിച്ചു. ലോകത്തെ കടുവകളുടെ ഏറ്റവും നല്ല ആവാസ വ്യവസ്ഥയിൽപെട്ട നീലഗിരി ജൈവ മണ്ഡലത്തിലുൾപ്പെട്ട വയനാട് വന്യജീവി സങ്കേതത്തിൽ കടുവകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. കഴിഞ്ഞ തവണത്തെ കണക്കിൽ പറമ്പിക്കുളത്തെ പിന്നിലാക്കിയിരുന്നു വയനാട്. ഇത്തവണയും സ്ഥിതിയിൽ മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റി നാലു വർഷം കൂടുമ്പോൾ രാജ്യമൊട്ടാകെ നടത്തുന്ന കണക്കെടുപ്പിന്റെ ഭാഗമായാണ് വയനാട്ടിലെ കടുവകളുടെയും കണക്കെടുക്കുന്നത്. 2018 ലായിരുന്നു അവസാന സെൻസസ്. 2022ലെ സെൻസസിനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.
വയനാട് വന്യജീവി സങ്കേതം, നോർത്ത് വയനാട് ഡിവിഷൻ, സൗത്ത് വയനാട് ഡിവിഷൻ എന്നിവിടങ്ങളിലായി നടത്തുന്ന കണക്കെടുപ്പിനായി 620 ക്യാമറകളാണ് ഉപയോഗിക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിലെ നാല് റെയ്ഞ്ചുകളിലായി 201 കേന്ദ്രങ്ങളിലും നോർത്ത് ഡിവിഷനിലെ മൂന്ന് റെയ്ഞ്ചുകളിലെ 57 കേന്ദ്രങ്ങളിലും സൗത്ത് ഡിവിഷനിലെ നാല് റെയ്ഞ്ചുകളിലായുള്ള 52 കേന്ദ്രങ്ങളിലുമാണ് ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിരിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും ഒരു ജോഡി ക്യാമറകളാണ് സ്ഥാപിക്കുക.മൃഗങ്ങളുടെ സഞ്ചാരപാതകളിൽ ഇരുഭാഗത്തുമായി സ്ഥാപിച്ച ക്യാമറകൾ കടുവകൾ മുന്നിലെത്തുന്ന മാത്രയിൽ സെൻസർ പ്രവർത്തിപ്പിച്ച് ചിത്രങ്ങളെടുക്കും. 20 മെഗാപിക്സൽ മിഴിവുള്ള ക്യാമറകളിൽ 32 ജി.ബി മെമ്മറിയും ഉണ്ട്. മൂന്നുമാസം വരെ ഉപയോഗശേഷിയുള്ള ബാറ്ററികളാണ് ഇവയിലുള്ളത്.
ക്യാമറ സ്ഥാപിച്ച് ഒരുമാസം കഴിഞ്ഞ ഇവ തിരിച്ചെടുത്ത് അതിലെ ചിത്രങ്ങൾ പരിശോധിച്ചാണ് കടുവകളുടെ എണ്ണം കണക്കാക്കുന്നത്. കടുവകളുടെ എണ്ണം ശാസ്ത്രീയമായി വിശകലനം ചെയ്യും. ശരീരത്തിലെ വരകൾ, വലുപ്പം, നിറവ്യത്യാസം തുടങ്ങിയവ കണക്കെടുപ്പിനായി പരിശോധിക്കും. വനത്തിനുള്ളിലെ ക്യാമറകൾ വന്യമൃഗങ്ങൾ നശിപ്പിക്കാനും മഴകാരണം തകരാറിലാകാനും സാധ്യതയുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവ പരിശോധിക്കും. പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ടൈഗർ മോണിറ്ററിങ് സംഘത്തിന്റെ മേൽനോട്ടത്തിലാണ് വയനാട്ടിലെ സെൻസസ്. വയനാട്ടിലെ വനംവകുപ്പിന് ക്യാമറ ട്രാപ്പുകൾ കുറവായതിനാൽ കൂടുതൽ ക്യാമറകളും പറമ്പിക്കുളം ടീം എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ കണക്കെടുപ്പിൽ വയനാട് വന്യജീവി സങ്കേതത്തിൽ 120 കടുവകളുണ്ടെന്നായിരുന്നു കണക്ക്. 2014ൽ അത് 82 ആയിരുന്നു. ഇത്തവണയും കടുവകളുടെ എണ്ണം കൂടുമെന്ന് തന്നെയാണു നിഗമനം. മുൻപ് കാൽപാടുകളും കാഷ്ഠങ്ങളും നഖം കൊണ്ടു മാന്തിയ പാടുകളുമൊക്കെയായായിരുന്നു സെൻസസിനായി പരിഗണിച്ചിരുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് ക്യാമറകൾ കണക്കെടുപ്പിനായി ഉപയോഗിച്ച് തുടങ്ങുന്നത്

