ആലപ്പുഴ: ഡിജിറ്റല്‍ റീസര്‍വേ നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: മന്ത്രി കെ രാജന്‍

• മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശ്വാസ് വാടക വീട് പദ്ധതിക്ക് തുടക്കമിട്ടു.

ആലപ്പുഴ: 807 കോടി രൂപ മുതല്‍ മുടക്കില്‍ നാലു ഘടങ്ങളിലായി നാലു വര്‍ഷം കൊണ്ട് സംസ്ഥാന വ്യാപകമായി ഡിജിറ്റല്‍ റിസര്‍വ്വേ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ആശ്വാസമേകാനായി അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ വിരാമമാകുന്നത് 54 വര്‍ഷമായി പൂര്‍ത്തിയാകാത്ത റീ സര്‍വ്വേ നടപടികള്‍ക്കാണ്. കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ റീ സര്‍വ്വേയാകുന്നത്തോടെ എല്ലാ ഭൂമിക്കും രേഖയുണ്ടാകുകയും ചെയ്യും.

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും ആയിരക്കണക്കിന് വീടുകള്‍ താമസമില്ലാതെ അടച്ചിട്ടിരിക്കുന്ന കാഴ്ചയും കാണാന്‍ സാധിക്കും. എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളോടെ കോവിഡ് പശ്ചാത്തലത്തിലും സാധാരണക്കാരെ ഗുരുതരമായ രീതിയില്‍ ബാധിക്കാത്ത തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു കേരളം ലോകത്തിനു മാതൃകയാവുകയാണ്. സാമൂഹിക ആരോഗ്യ നയം പിന്തുടരുന്ന ഒരു സംസ്ഥാനമാണ് കേരളം. ആരോഗ്യ- വിദ്യാഭ്യാസ ഭൂപരിഷ്‌കരണ രംഗത്ത് കേരളം ലോകത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ് വിശിഷ്ടാതിഥിയായി. താന്‍ സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാനായിരുന്ന കാലത്ത് വിഭാവനം ചെയ്ത പദ്ധതിയാണ് ഈ സര്‍ക്കാരിന്റെ നൂറു ദിന കര്‍മ പദ്ധതിയില്‍ യാഥാര്‍ത്ഥ്യമായതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.

ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങിന് ആശംസകള്‍ അറിയിച്ചു. അഞ്ച് കോടി രൂപ ചെലവില്‍ 50 സെന്റ് സ്ഥലത്താണ് മൂന്നു നിലകളിലായി ആശ്വാസ കേന്ദ്രം നിര്‍മിക്കുന്നത്. പത്ത് മാസം കൊണ്ട് കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഭാവിയില്‍ അഞ്ചു നിലകളാക്കാന്‍ കഴിയുന്ന രീതിയിലാണ് അടിത്തറയുടെ നിര്‍മാണം. താഴത്തെ നിലയില്‍ പത്ത് മുറികളുണ്ട്. ഒരോ മുറിക്കും ശുചി മുറികളുമുണ്ടാകും. 24 കിടക്ക സൗകര്യമുള്ള ഡോര്‍മെറ്ററികളുമുണ്ടാകും. ഒന്നാം നിലയിലും രണ്ടാം നിലയിലുമായി 12 മുറികളും ഡോര്‍മെറ്ററികളുമുണ്ടാകും. ആകെ 72 ഡോര്‍മെറ്ററികളും 34 ശുചി മുറി സൗകരമ്യമുള്ള കിടപ്പു മുറികളുണ്ട്. 15,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിട സമുച്ചയം പൂര്‍ത്തിയാക്കുക. ഇവിടെ താമസിക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മിതമായ നിരക്കിലുള്ള വാടക ഈടാക്കും. വാഹന പാര്‍ക്കിങ് സൗകര്യവുമുണ്ടാകും. ഹൗസിങ് ബോര്‍ഡിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള പണം ചെലവഴിച്ചാണ് നിര്‍മ്മാണം.

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ കെ. പി. കൃഷ്ണകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ അഡ്വ. എ.എം. ആരിഫ് എം.പി., എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, ദലീമ ജോജോ, തോമസ് കെ. തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ഹൗസിംഗ് കമ്മീഷണര്‍ എന്‍. ദേവിദാസ്, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, ജില്ല പഞ്ചായത്തംഗം പി. അഞ്ജു, ജനപ്രതിനിധികളായ അഡ്വ. പ്രദീപ്തി സജിത്ത്, സുനിത പ്രദീപ്, മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. കെ. ശശികല, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോര്‍ജ്ജ് പുളിക്കല്‍ എന്നിവര്‍ സന്നിഹിതരായി. 

Share
അഭിപ്രായം എഴുതാം