തിരുവനന്തപുരം: മൃഗശാലയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: മൃഗശാലാ ഓഫീസ് സ്‌റ്റോർ സമുച്ചയം, ശലഭോദ്യാനം, വിദേശ പക്ഷികളുടെ പരിബന്ധനം, മൊബൈൽ ആപ്പ് എന്നിവയുടെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. സെപ്റ്റംബർ എട്ടിന് രാവിലെ 11.30ന് മ്യൂസിയം ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. വി. കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. നൂറുദിന കർമ പരിപാടിയുടെ ഭാഗമായാണ് പദ്ധതികൾ പൂർത്തിയാക്കിയത്. 3.53 കോടി രൂപ ചെലവഴിച്ചാണ് നാലു പദ്ധതികൾ പൂർത്തിയാക്കിയത്.

മൃഗശാലയിലെ മൃഗങ്ങൾക്കുള്ള ഭക്ഷണവസ്തുക്കൾ വലിയ തോതിൽ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ, മൃഗങ്ങൾക്ക് ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യം, മൃഗശാല ജീവനക്കാർക്ക് മെച്ചപ്പെട്ട സൗകര്യം എന്നിവയാണ് പുതിയ സ്റ്റോർ റൂമിലുള്ളത്. ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ആഹാര, പ്രജനന സസ്യങ്ങൾ വച്ചുപിടിപ്പിച്ച ശലഭോദ്യാനമാണ് ഒരുക്കിയിരിക്കുന്നത്. മക്കാ തത്തകൾ ഉൾപ്പെടെയുള്ള വിദേശ പക്ഷികൾക്ക് നിലവിലുള്ളതിൽ നിന്ന് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആറ് കൂടുകളുടെ നിർമാണവും പൂർത്തിയായി. മൃഗങ്ങളെയും പക്ഷികളെയും കുറിച്ചുള്ള വിവരങ്ങൾ ഇംഗ്‌ളീഷിലും മലയാളത്തിലും ശ്രവിക്കാൻ കഴിയുന്ന വിജ്ഞാനപ്രദമായ മൊബൈൽ ആപ്പാണ് തയ്യാറാക്കിയിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം