തിരുവനന്തപുരം : ഗവര്‍ണര്‍ അറിയാതെ ബോര്‍ഡ് ഓഫ് സറ്റഡീസുകള് സ്വന്തം നിലയില്‍ പുനസംഘടിപ്പിച്ച് കണ്ണൂര്‍ സര്‍വകാലശാലയുടെ വിവാദ നടപടി. വിവിധ കോഴ്സുകളുടെ സിലിബസുകളും പാഠപുസ്തകങ്ങളും തയ്യാറാക്കുക ചോദ്യപേപ്പര്‍ തയ്യാറാക്കേണ്ടവരുടെ പാനല്‍ അംഗീകരിക്കുക തുടങ്ങിയ ചുമതലകള്‍ ഉളള ബോര്‍ഡില്‍ സര്‍ക്കാര്‍ ,എയ്ഡഡ് കോളേജുകളിലെ മുതിര്‍ന്ന അദ്ധ്യാപകരെ ഒഴിവാക്കി യുജിസി യോഗ്യതകളില്ലാത്ത സ്വാശ്രയ കോളേജ് അദ്ധ്യാപകരെയും കരാര്‍ അദ്ധ്യാപകരെയും കുടിയിരുത്തി.
വിവിധ വിഷയങ്ങള്‍ക്കുളള 72 ബോര്‍ഡുകള്‍ പുനഃസംഘടിപ്പിച്ച് രജിസ്ട്രാറാണ് ഉത്തരവിറക്കിയത് രണ്ടുവര്‍ഷമാണ് കാലാവധി. നിയമപ്രകാരം ബോര്‍ഡുകളുടെ ചെയര്‍മാനെയും അംഗങ്ങളെയും നാമനിര്‍ദ്ദേശം ചെയ്യാനുളള അധികാരം ഗവര്ണര്ക്ക്മാത്രമാണുളളത്. സര്‍വകലാശാല നിലവില്‍ വന്ന 1996 മുതല്‍ ആ രീതി തുടരുകയായിരുന്നു. ഇക്കുറി വിസി നിയോഗിച്ച സിന്‍ഡിക്കേറ്റിന്റെ മൂന്നംഗ സമിതിയാണ് പേരുകള്‍ നിര്‍ദ്ദേശിച്ചത്. സ്വകാര്യ ട്യൂഷന്റെ പേരില്‍ ശിക്ഷാ നടപടിക്ക് വിധേയനായ സിന്‍ഡിക്കേറ്റംഗവും ഈ ഉപസമിതിയില്‍ അംഗമാണ്. പുതിയ ബോര്‍ഡ്ഓഫ് സ്റ്റഡീസിലും ഇദ്ദേഹത്തിന് സ്ഥാനമുണ്ട്.
യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ അവഗണിച്ചുളള പുനസംഘടന റദ്ദാക്കണമെന്നും രജിസ്ട്രാറെയും ഉപസമിതി അംഗങ്ങളെയും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിന് കമ്മറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്കി. യോഗ്യതയുളളവരെ ഉള്‍പ്പെടുത്തി ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുതുക്കണമെന്ന് ആവശ്യപ്പെട്ടതായി ചെയര്മാന് ആര്‍എസ് ശശികുമാറും സെക്രട്ടറി എം ഷാജര്‍ഖാനും അറിയിച്ചു.

