കൊച്ചി: പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ അധ്യയന വർഷത്തെ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഗ്രേസ് മാർക്കിന് പകരം അർഹരായ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്റ് നൽകാനുള്ള സർക്കാർ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരവും നൽകി.
ഗ്രേസ് മാർക്ക് ഒഴിവാക്കിയ സർക്കാർ നടപടി ചോദ്യം ചെയ്ത് രണ്ട് വിദ്യാർത്ഥികൾ നൽകിയ ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് തള്ളി. കോവിഡ് മൂലം സ്കൂളുകൾ അടച്ചതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.

